തിരുവനന്തപുരം: ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ തന്റെ ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ടിനെ ഒഴിവാക്കാൻ ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്ത് ഇടപെട്ടെന്ന സംവിധായകൻ വിനയന്റെ ആരോപണം ശരിവച്ച് ജൂറി അംഗം നേമം പുഷ്പരാജ്. ഇത് സംബന്ധിച്ച നേമം പുഷ്പരാജിന്റെ ശബ്ദരേഖ വിനയൻ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു. രഞ്ജിത്ത് ചലച്ചിത്ര അക്കാഡമി ചെയർമാൻ സ്ഥാനത്ത് ഇരിക്കാൻ ഒരു കാരണവശാലും യോഗ്യനല്ലെന്ന് നേമം പുഷ്പരാജ് പറയുന്നു.
ജൂറി മെമ്പറുടെ വെളിപ്പെടുത്തലിന് ശേഷം നിയമപരമായോ ധാർമ്മികമായോ ആ പദവിയിലിരിക്കാൻ രഞ്ജിത്തിന് അവകാശമുണ്ടോയെന്നും സാംസ്കാരിക വകുപ്പ് ഇപ്പോഴെങ്കിലും നടപടി എടുക്കുമോ എന്നും വിനയൻ ശബ്ദരേഖ പങ്കുവച്ച് കുറിച്ചു.സിനിമാ അവാർഡ് നിർണ്ണയത്തിൽ ചലച്ചിത്ര അക്കാഡമി ചെയമാൻ രഞ്ജിത്ത് ഇടപെട്ടെന്ന് കഴിഞ്ഞ ദിവസമാണ് സംവിധായകൻ വിനയൻ ആരോപിച്ചത്. തന്റെ സിനിമയായ പത്തൊമ്പതാം നൂറ്റാണ്ടിന് അവാർഡ് നൽകാതിരിക്കാൻ രഞ്ജിത്ത് ശ്രമിച്ചെന്നും അതിന് തെളിവുണ്ടെന്നുമാണ് വിനയൻ കുറിച്ചത്.
കലാസംവിധാനത്തിൽ അംഗീകാരങ്ങൾ നേടിയിട്ടുള്ള ജൂറി അംഗം, പത്തൊമ്പതാം നൂറ്റാണ്ടിലെ കലാസംവിധാനമാണ് ഏറ്റവും മികച്ചത് എന്ന് വാദിച്ചെങ്കിലും ജൂറിഅംഗമായ നടി എതിർത്തതിന് പിന്നിൽ രഞ്ജിത്താണെന്നാണ് വിനയന്റെ ആരോപണം.ചലച്ചിത്ര അക്കാഡമി ചെയർമാന് ജൂറി തീരുമാനത്തിൽ ഇടപെടാൻ നിയമപരമായി അവകാശമില്ല.കഴിഞ്ഞ തവണത്തെ അവാർഡ് നിർണയത്തിലും രഞ്ജിത്ത് ഇടപെട്ടതായി പരാതി ഉയർന്നിരുന്നു.