തിരുവനന്തപുരം: സ്പീക്കർ എഎൻ ഷംസീറിനെതിരായ എൻഎസ്എസ് പ്രതിഷേധത്തിൽ പ്രതികരണവുമായി പത്തനാപുരം എംഎൽഎ കെബി ഗണേഷ് കുമാർ. എൻഎസ്എസിന്റെ സർക്കുലർ എൻഎസ്എസ് നടപ്പാക്കും. ആ കാര്യത്തിൽ ഒരു സംശയവും വേണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഗണപതി പരാമർശത്തിനെതിരെ നാളെ എൻഎസ്എസ് വിശ്വാസ സംരക്ഷണ ദിനം ആചരിക്കുമെന്ന് അറിയിച്ച് ഇറക്കിയ സർക്കുലറുമായി ബന്ധപ്പെട്ടായിരുന്നു പ്രതികരണം.
അതേസമയം, എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ സ്പീക്കർ എഎൻ ഷംസീറിനെതിരെ നടത്തിയ പ്രസ്താവനയുമായി ബന്ധപ്പെട്ട ചോദ്യത്തിൽ നിന്ന് ഗണേഷ് കുമാർ ഒഴിഞ്ഞുമാറി. എല്ലാ കാര്യത്തിലും താൻ മറുപടി പറയേണ്ട അവശ്യമില്ലെന്നും തന്നൊട് വല്ല നാട്ടുകാര്യവും ചോദിക്കൂ എന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.നേരത്തെ ഷംസീറിന്റെ ഗണപതി പരാമർശത്തിൽ വിമർശനവുമായി എൻഎസ്എസ് രംഗത്തെത്തിയിരുന്നു.
സ്പീക്കറുടെ പരാമർശത്തിൽ പ്രതിഷേധിച്ച് നാളെ വിശ്വാസ സംരക്ഷണ ദിനമായി അചരിക്കുമെന്നും ഇത് സംബന്ധിച്ച് താലൂക്കുകൾക്ക് നിർദ്ദേശം നൽകിയതായും എൻഎസ്എസ് അറിയിച്ചു. സ്പീക്കർ എഎൻ ഷംസീർ പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്ന ആവശ്യത്തിൽ ഉറച്ചുനില്‍ക്കുന്നുവെന്നാണ് സുകുമാരൻ നായർ വ്യക്തമാക്കിയത്. എന്നാൽ പ്രകോപനം പാടില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടിരുന്നു.
ഗണപതി എന്നത് മിത്ത് ആണെന്നും ശാസ്ത്രീയമായ ഒന്നല്ല എന്നുമുള്ള ഷംസീറിന്‍റെ പരാമര്‍ശം വിശ്വാസികളെ ഏറെ വേദനിപ്പിക്കുന്നുണ്ട്. ഇത്തരം പ്രസ്താവന ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ആര്‍ക്കും യോജിച്ചതല്ല. പരാമര്‍ശം പിന്‍വലിച്ച് സ്പീക്കര്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ സര്‍ക്കാര്‍ യുക്തമായ നടപടി സ്വീകരിക്കണം. നാളെ വിശ്വാസ സംരക്ഷണ ദിനാചരണത്തിന്‍റെ ഭാഗമായി ഗണപതി ക്ഷേത്രങ്ങളില്‍ വഴിപാട് നടത്തണം. ഇതിന്‍റെ പേരില്‍ മതവിദ്വേഷജനകമായി യാതൊരു നടപടിയും ഉണ്ടാകരുതെന്നുമായിരുന്നു എ എൻ എസ് സർക്കുലർ.