കൊച്ചി: വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരന് പരിക്കേറ്റ സംഭവത്തില്‍ സിനിമാ താരം സുരാജ് വെഞ്ഞാറമൂടിന് മോട്ടോര്‍ വാഹന വകുപ്പിന്റെ കാരണം കാണിക്കല്‍ നോട്ടീസ്. അപകടം സംബന്ധിച്ച കാര്യങ്ങള്‍ക്ക് വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് എറണാകുളം ആര്.ടി.ഒ. ആണ് നോട്ടീസ് നല്‍കിയത്.
താരത്തിന്റെ മറുപടി തൃപ്തികരമല്ലെങ്കില്‍ ബോധവത്കരണ ക്ലാസ് ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം. കഴിഞ്ഞ ശനിയാഴ്ച രാത്രി 12-ഓടെ പാലാരിവട്ടത്തായിരുന്നു സുരാജ് ഓടിച്ച കാര്‍ ഇരുചക്ര വാഹനവുമായി കൂട്ടിയിടിച്ചത്.
മഞ്ചേരി സ്വദേശിയായ യുവാവിന് അപകടത്തില്‍ പരിക്കേറ്റിരുന്നു. അലക്ഷ്യമായി വാഹനമോടിച്ച് അപകടം ഉണ്ടാക്കിയതിന് സുരാജിനെതിരേ പാലാരിവട്ടം പോലീസ് കേസെടുത്തിട്ടുണ്ട്. ഇതിനു പിന്നാലെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി താരത്തിന്റെ വാഹനം പരിശോധിച്ച ശേഷമാണ് വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ നോട്ടീസ് നല്‍കിയത്.