ശരീരഭാരം കൂടിയതിനെ തുടര്‍ന്ന് കോളജ് പഠനം തന്നെ ഉപേക്ഷിച്ച് പെൺകുട്ടി. ചൈനയിൽ നിന്നുള്ള ഷാങ് എന്ന കോളജ് വിദ്യാര്‍ഥിനിയാണ് പഠനം ഉപേക്ഷിച്ചത്. ഷെങ്ജിയാങ് പ്രവിശ്യയിലെ കോളജില്‍ പി.ജി ചെയ്തിരുന്ന ഷാങിന് 90 കിലോ ഭാരമായതോടെയാണ് പഠനം ‘ഭാരമായി’ തോന്നിയത്.
പഠിക്കാന്‍ ചേര്‍ന്നതില്‍ പിന്നെയാണ് 10 കിലോ ഭാരം കൂടിയതെന്ന് തിരിച്ചറിഞ്ഞതോടെ ഷാങ് കോളജില്‍ പോകുന്നത് അവസാനിപ്പിക്കുകയായിരുന്നു. ആര്‍ത്തവക്രമം താളം തെറ്റിയതിനെ തുടര്‍ന്ന് ദീര്‍ഘനേരം വിശ്രമിക്കേണ്ടി വന്നതാണ് തന്നെ കുഴപ്പത്തിലാക്കിയതെന്നാണ് ഷാങ് പറയുന്നത്. പഠനം ഉപേക്ഷിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ ജിമ്മില്‍ പോയി വ്യായാമം ചെയ്യാന്‍ തുടങ്ങിയെന്നും ഇതിന് പുറമേ നീന്തലും ബാഡ്മിന്റണും തുടങ്ങിയെന്നും ഷാങ് പറയുന്നു. ഭക്ഷണരീതിയിലും ഷാങ് അടിമുടി മാറ്റം വരുത്തി. പച്ചക്കറികളും ധാന്യങ്ങളും മല്‍സ്യങ്ങളും കൂടുതലായി ഉള്‍പ്പെടുത്തി. ഇതോടെ ആദ്യ മാസം അഞ്ച് കിലോ ഭാരം കുറഞ്ഞു. നിലവില്‍ 65 കിലോയാണ് ഷാങിന്റെ ശരീര ഭാരം.
കഷ്ടപ്പെട്ട് ഭാരം കുറച്ച വിവരം ഷാങ് തന്നെയാണ് സമൂഹ മാധ്യമങ്ങള്‍ വഴി വെളിപ്പെടുത്തിയത്. ഷാങിന്റെ നിശ്ചയദാര്‍ഢ്യത്തെ പലരും അഭിനന്ദിക്കുമ്പോള്‍ ഭാരം കുറയ്ക്കുന്നതിന് പഠനം ഉപേക്ഷിച്ചത് എന്തിനാണെന്ന് ചിലരും ചോദിക്കുന്നു.