അജ്ഞാത ഫോൺ കോളുകളിലൂടെ ആളുകളെ കബളിപ്പിക്കുന്ന നിരവധി കേസുകൾ ഇതിനോടകം തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സാങ്കേതികവിദ്യ എത്രയൊക്കെ പുരോഗതി കൈവരിച്ചു എന്ന് പറഞ്ഞാലും വ്യാജ ഫോൺ കോളുകളിലൂടെ തട്ടിപ്പ് നടത്തുന്നവർ ഇപ്പോഴും ധാരാളമാണ് എന്നാണ് പല കേസുകളിൽ നിന്നും വ്യക്തമാകുന്നത്. ഇതുപോലെ ഇപ്പോൾ മുംബൈ കസ്റ്റംസ് ഉദ്യോഗസ്ഥരാണെന്ന വ്യാജേന ഫോണിലൂടെ ബാങ്ക് ജീവനക്കാരിയിൽ നിന്ന് പ്രതികൾ തട്ടിയെടുത്തത് 20 ലക്ഷം രൂപയാണ്. മുംബൈയിൽ തന്നെയാണ് സംഭവം
അജ്ഞാത ഫോൺ കോളുകളിലൂടെ ആളുകളെ കബളിപ്പിക്കുന്ന നിരവധി കേസുകൾ ഇതിനോടകം തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സാങ്കേതികവിദ്യ എത്രയൊക്കെ പുരോഗതി കൈവരിച്ചു എന്ന് പറഞ്ഞാലും വ്യാജ ഫോൺ കോളുകളിലൂടെ തട്ടിപ്പ് നടത്തുന്നവർ ഇപ്പോഴും ധാരാളമാണ് എന്നാണ് പല കേസുകളിൽ നിന്നും വ്യക്തമാകുന്നത്. ഇതുപോലെ ഇപ്പോൾ മുംബൈ കസ്റ്റംസ് ഉദ്യോഗസ്ഥരാണെന്ന വ്യാജേന ഫോണിലൂടെ ബാങ്ക് ജീവനക്കാരിയിൽ നിന്ന് പ്രതികൾ തട്ടിയെടുത്തത് 20 ലക്ഷം രൂപയാണ്. മുംബൈയിൽ തന്നെയാണ് സംഭവം.ജൂലൈ 22 നാണ് താനെ സ്വദേശിനിയായ യുവതിക്ക് ഒരു ഫോൺ ഇതുമായി ബന്ധപ്പെട്ട ഫോൺ കോൾ ലഭിക്കുന്നത്.
യുവതിയുടെ ഒരു പാഴ്സൽ ഇവരുടെ കൈവശം ലഭിച്ചു എന്നും അതിൽ 140 ഗ്രാം മെഫെഡ്രോൺ മയക്കുമരുന്ന്, അഞ്ച് പാസ്‌പോർട്ടുകൾ, രണ്ട് ക്രെഡിറ്റ് കാർഡുകൾ, ഷൂസ്, എന്നിവ കണ്ടെത്തിയതായും അവർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് യുവതിക്കെതിരെ അന്ധേരി പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പറഞ്ഞു. എന്നാൽ ഈ പാഴ്സൽ തന്റേതല്ല എന്ന് ആവർത്തിച്ചു പറഞ്ഞ യുവതിയോട് വിളിച്ച ആളുകൾ അവരുടെ മേൽ വിലാസവും ആധാർ കാർഡ് നമ്പറും ഇമെയിൽ വിലാസവും നൽകാനും ആവശ്യപ്പെട്ടു.തുടർന്ന് യുവതിയുടെ പണത്തിന്റെ ഉറവിടം റിസർവ് ബാങ്കിന് പരിശോധിച്ച് വ്യക്തത ലഭിക്കേണ്ടതുണ്ട് എന്ന് പറഞ്ഞ ഇവർ ഒരു അക്കൗണ്ട് നമ്പർ നൽകി എല്ലാ പണവും അതിലേക്ക് ട്രാൻസ്ഫർ ചെയ്യണമെന്നും പറഞ്ഞു. എന്നാൽ പരിശോധിച്ചതിന് ശേഷം യുവതിയുടെ അക്കൗണ്ടിലേക്ക് തന്നെ പണം മുഴുവൻ തിരികെ നൽകുമെന്നും വിളിച്ചവർ അറിയിച്ചിരുന്നു. ഇത്തരത്തിൽ യുവതി ഇവരുടെ അക്കൗണ്ടിലേക്ക് 20 ലക്ഷം രൂപയും അയച്ചുകൊടുത്തു.
എന്നാൽ മൂന്ന് ദിവസം കഴിഞ്ഞിട്ടും പണം തിരികെ ലഭിക്കാതായതോടെ ഇതിൽ സംശയം തോന്നിയ യുവതി പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. സെക്ഷൻ 419 പ്രകാരം ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.ഇതോടൊപ്പം വഞ്ചന, ഐപിസിയുടെ 420-ാം വകുപ്പ്, സെക്ഷൻ 66 സി പ്രകാരം വരുന്ന ആൾ മാറാട്ടം, 2000 ത്തിലെ ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട് , സെക്ഷൻ 66 ഡി പ്രകാരം കമ്പ്യൂട്ടർ റിസോഴ്‌സ് ഉപയോഗിച്ച് കൊണ്ട് മറ്റൊരാളുടെ ഐഡന്റിറ്റി ഉപയോഗിച്ചു കൊണ്ടുള്ള വഞ്ചന തുടങ്ങിയ കുറ്റങ്ങളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. നേരത്തെ ഗുരുഗ്രാമിലും ഇതിന് സമാനമായ ഒരു കേസ് റിപ്പോർട്ട് ചെയ്തിരുന്നു. അന്ന് മുംബൈ പോലീസ് എന്ന വ്യാജേനയാണ് യുവതിയെ വിളിച്ച് കബളിപ്പിച്ചത്. ഇവരിൽ നിന്നും അന്ന് പ്രതികൾ 20 ലക്ഷം രൂപയാണ് തട്ടിയെടുത്തത്.