തൃശൂർ : വിവാദമായ ‘മിത്ത്’ പരാമർശത്തിൽ സ്പീക്കർ എ.എൻ.ഷംസീറിനെതിരെ ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. സിപിഎം സംസ്ഥാന നേതൃത്വം ആലോചിച്ച് ഉറപ്പിച്ച് നടത്തിയ പരാമർശമാണ് ഇതെന്ന് ശോഭ ആരോപിച്ചു. ഒരു കൂട്ടം സ്ത്രീകളെ ശബരിമല കയറ്റാൻ കൊണ്ടുവന്നതിന്റെ സൂത്രധാരനായിരുന്നു ഷംസീർ. ഇതിനായി കണ്ണൂരിലെ തലശ്ശേരിയിൽ നടന്ന ആദ്യ യോഗത്തിൽ പങ്കെടുത്തയാളാണ് ഷംസീർ. എം.വി.ഗോവിന്ദനും ഷംസീർ ഒരുമിച്ച് ചിന്തിച്ചാണ് ഈ തീരുമാനം എടുത്തിട്ടുള്ളത്. അതുകൊണ്ടാണ് മാപ്പു പറയില്ലെന്ന് ഗോവിന്ദൻ പറഞ്ഞതെന്ന് ശോഭ ചൂണ്ടിക്കാട്ടി.
‘‘നിങ്ങൾ മാപ്പു പറയേണ്ട. പക്ഷേ കേരളത്തിലെ ക്ഷേത്രങ്ങളിലുള്ള ഭണ്ഡാരപ്പെട്ടികൾ തുറക്കണോ വേണ്ടയോ എന്നു തീരുമാനിക്കാൻ ഇവിടുത്തെ ഹിന്ദുവിശ്വാസികൾ മുന്നോട്ടുവന്നാൽ എന്താകും സ്ഥിതിയെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ പറയണം. അങ്ങനെ ഞങ്ങൾ പഠിപ്പിച്ചില്ലേ. അയ്യപ്പന്റെ ആചാരത്തെയും അനുഷ്ഠാനത്തെയും തകർക്കാൻ സിപിഎം ഗൂഢാലോചന നടത്തിയപ്പോൾ അന്നത്തെയും ഇന്നതെയും മുഖ്യമന്ത്രി വരച്ച വരയിലൂടെ പോകാൻ മനസ്സില്ലെന്നു പറഞ്ഞുകൊണ്ട് കേസുകൾ ഏറ്റെടുത്തു. അതൊന്നും മറന്നിട്ടില്ല.
അന്നു ഭണ്ഡാരപ്പെട്ടികളിൽ നാണയത്തുട്ടുകൾ വീഴാതിരുന്ന നിരവധി ദിവസങ്ങൾ ഉണ്ടായിരുന്നു. അവസാനം മന്ത്രിമാർ തന്നെ വഴിയിൽ ഇറങ്ങി നിൽക്കേണ്ട സാഹചര്യമുണ്ടായി. ഇനി അങ്ങനെയൊരു അവസ്ഥയിലേക്ക് കേരളത്തിലെ വിശ്വാസി സമൂഹത്തെ നയിക്കരുത്.’’– ശോഭാ സുരേന്ദ്രൻ പറഞ്ഞു.