ന്യൂഡൽഹി: രാഹുൽ ഗാന്ധിയ്ക്കെതിരായ ശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടും എംപി സ്ഥാനം പുനഃസ്ഥാപിക്കാനുള്ള നടപടികൾ മനഃപൂർവ്വം വൈകിപ്പിക്കുന്നതായി കോൺഗ്രസ്. ക്രിമിനൽ മാനനഷ്ടക്കേസിലെ പരമാവധി ശിക്ഷ നൽകുന്നത് കോടതി തടഞ്ഞതോടെ രാഹുൽ ഗാന്ധിയുടെ അയോഗ്യത നീക്കം ചെയ്യാനുള്ള നടപടികൾ കോൺഗ്രസ് ആരംഭിച്ചിരുന്നു. എന്നാൽ ലോക്സഭ സെക്രട്ടറിയേറ്റും സ്പീക്കറും നടപടികൾ വൈകിപ്പിക്കുകയാണെന്നാണ് കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവായ അധിർ രഞ്ജൻ ചൗധരിയുടെ വാദം.
സ്പീക്കറുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചപ്പോൾ സെക്രട്ടറി ജനറലിനെ സമീപിക്കൂ എന്ന മറുപടിയാണ് ലഭിച്ചത്. ഇതിൻപ്രകാരം സെക്രട്ടറി ജനറലിനെ ഫോൺ വഴി ബന്ധപ്പെട്ടപ്പോൾ ഓഫീസ് അവധിയാണെന്നും കത്ത് സ്പീക്കർക്ക് തന്നെ നൽകാൻ അറിയിച്ചു. ഒടുവിൽ അണ്ടർ സെക്രട്ടറി കത്ത് കൈപ്പറ്റിയെങ്കിലും സീൽ ചെയ്യാതെ ഒപ്പിടുക മാത്രമാണുണ്ടായതെന്നും അധിർ രഞ്ജൻ ചൗധരി കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധി പാർലമെന്റിലെത്തുന്നത് തടയാനുള്ള ഒത്തുകളിയാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
പാർലമെന്റ് സമ്മേളന കാലയളവിൽ തന്നെ കോൺഗ്രസിന് കരുത്തേകാൻ രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തേയ്ക്ക് തിരികെ എത്തിക്കാനാണ് നീക്കം. മോദി പരാമർശത്തിലെ രണ്ട് വർഷം തടവുശിക്ഷ സുപ്രീം കോടതി തടഞ്ഞത് രാഹുൽ ഗാന്ധിയ്ക്കും കോൺഗ്രസിനും ഏറെ നിർണായകമായ തീരുമാനമായി മാറി. ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപായി രാഹുലിന് ജനപ്രതിനിധിയായി തന്നെ പ്രചരണങ്ങളിലടക്കം പങ്കെടുക്കാൻ ഇതോടെ വഴിയൊരുങ്ങി.
ബിജെപിയെ നേരിടാനായി പ്രതിപക്ഷ ഐക്യമായ ഇന്ത്യ രൂപീകരിച്ചെങ്കിലും പ്രധാന കക്ഷിയായ കോൺഗ്രസിനെ പ്രതിനിധീകരിച്ച് പാർലമെന്റിൽ ശബ്ദമുയർത്താൻ അയോഗ്യത രാഹുലിന് വിലങ്ങുതടിയായിരുന്നു. അയോഗ്യതയെ നിയമപരമായി നേരിട്ട് തിരികെയെത്തുന്ന രാഹുൽ ഗാന്ധി പാർലമെന്റിനുള്ളിൽ കോൺഗ്രസിനും പ്രതിപക്ഷ സംഖ്യത്തിനും നൽകുന്ന രാഷ്ട്രീയ ഊർജ്ജം ചെറുതല്ല. അതിനിടയിലാണ് രാഹുലിന്റെ മടങ്ങിവരവ് വൈകിപ്പിക്കാനുള്ള ശ്രമം നടക്കുന്നതായി ആരോപിച്ച് കോൺഗ്രസ് രംഗത്തെത്തിയിരിക്കുന്നത്.