തിരുവനന്തപുരം: ദേവസ്വം ബോര്‍ഡിന് ലഭിക്കുന്ന പണത്തെ ‘മിത്തു മണി’ എന്ന് കളിയാക്കുന്നത് ശരിയല്ലെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. തന്നെ കുറിച്ച് പറയുന്നതിൽ ഒന്നും പറയാനില്ല. ക്ഷേത്രങ്ങളിലെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ ഈ സർക്കാർ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ട്. വിശ്വാസങ്ങളെ സംരക്ഷിക്കാൻ ചെയ്യുന്നതെല്ലാം സർക്കാർ ചെയ്യുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. നടൻ സലീം കുമാർ ദേവസ്വം മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രിയെന്നും ലഭിക്കുന്ന പണത്തെ മിത്തു മണി എന്ന് വിളിക്കണമെന്നും പരിഹസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.മിത്ത്, ശാസ്ത്ര വിവാദത്തിൽ സ്പീക്കർ എ എൻ ഷംസീർ കാര്യങ്ങൾ വിശദമാക്കിയിട്ടുണ്ട്. വിശ്വാസങ്ങളെ വ്രണപ്പെടുത്താൻ സർക്കാർ ഒന്നും ചെയ്യുന്നില്ല. റോഡ് തടസ്സപ്പെടുത്തിയാൽ ആരാണെങ്കിലും കേസ് എടുക്കും. വിശ്വാസത്തിന്റെ ശാസ്ത്രീയത പരിശോധിക്കൽ ദേവസ്വം മന്ത്രിയുടെ ജോലിയല്ല. ഓരോ കാര്യങ്ങളും സയന്റിഫിക്ക് ആണോ അല്ലയോ എന്ന് പറയേണ്ട കാര്യം ദേവസ്വം മന്ത്രിക്ക് ഇല്ലെന്നും മന്ത്രി വിശദമാക്കി.
വിശ്വാസത്തെ തകർക്കാൻ ഒരിക്കലും ശ്രമിക്കില്ല. സമൂഹത്തെ ഇളക്കി വിടാൻ എളുപ്പമായിരിക്കും. വിശ്വാസത്തെ പോറൽ ഏൽപ്പിക്കാൻ ശ്രമിക്കില്ലെന്നും മന്ത്രി പറഞ്ഞു. മണിപ്പൂരിലും ഹരിയാനയിലും എന്താണ് സംഭവിക്കുന്നതെന്നും ദേവസ്വം മന്ത്രി ചോദിച്ചു.ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു നടൻ സലീം കുമാറിന്റെ വിമർശനം. മിത്തും റിയാലിറ്റിയും തമ്മിലുള്ള സംഘർഷം നിലനിൽക്കുമ്പോൾ റിയാലിറ്റിയുടെ വിജയത്തിനു വേണ്ടി ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നു വിളിച്ചു തുടങ്ങണം. ഭണ്ഡാരത്തിൽ നിന്നും കിട്ടുന്ന പണത്തെ മിത്തുമണി എന്നും വിളിക്കണം. മാറ്റങ്ങൾ തുടങ്ങേണ്ടത് ഭരണ സിരാകേന്ദ്രങ്ങളിൽ നിന്ന് തന്നെയാണെന്നും നടൻ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞിരുന്നു.