ന്യൂഡൽഹി: പശുവിനെ ദേശീയ മൃഗമാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര സർക്കാർ പാർലമെന്റിൽ. രാജ്യത്തിന്റെ ദേശീയ മൃഗം കടുവയാണ്. അത് മാറ്റാൻ ഉദ്ദേശ്യമില്ല. മയിലിനെയാണ് ദേശീയ പക്ഷിയായി സർക്കാർ വിജ്ഞാപനം ചെയ്തിട്ടുളളത്. കടുവയും മയിലും 1972 ലെ വന്യജീവി സംരക്ഷണ നിയമം ഷെഡ്യൂൾ ഒന്നില്‍ ഉള്‍പ്പെട്ട ജീവികളാണെന്നും കേന്ദ്ര സാംസ്കാരിക വകുപ്പ് മന്ത്രി ജി കിഷൻ റെഡ്ഡി പാർലമെന്റിൽ പറഞ്ഞു.
പശുവിനെ ദേശീയ മൃഗമാക്കാൻ സർക്കാർ ആലോചിക്കുന്നുണ്ടോ എന്ന ബിജെപി എംപി ഭഗീരഥ് ചൗധരിയുടെ ചോദ്യത്തോടായിരുന്നു മന്ത്രിയുടെ പ്രതികരണം.2011 മെയ് 30-ന് കടുവയെയും മയിലിനെയും യഥാക്രമം ‘ദേശീയ മൃഗം’, ദേശീയ പക്ഷി’ എന്നിങ്ങനെ പുനർവിജ്ഞാപനം ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. നിയമനിർമ്മാണത്തിലൂടെ ഇന്ത്യയുടേയും സനാതന സംസ്കാരത്തിന്റേയും സംരക്ഷണവും പുനരുജ്ജീവനവും പരിഗണിച്ച് ഗോമാത(പശു) യെ ദേശീയ മൃഗമായി അംഗീകരിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ എന്നായിരുന്നു എംപിയുടെ ചോദ്യം.പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കാനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടുളള അലഹാബാദ് കോടതിയുടേയും ജയ്പൂർ കോടതിയുടേയും ഉത്തരവുണ്ടല്ലോ എന്ന ചോദ്യത്തിനും കേന്ദ്ര മന്ത്രി മറുപടി നൽകി.
അക്കാര്യം സംസ്ഥാന നിയമനിർമ്മാണ അധികാരികളുടെ കയ്യിലാണെന്നായിരുന്നു ജി കിഷൻ റെഡ്ഡിയുടെ മറുപടി.നാടൻ കന്നുകാലികളുൾപ്പെടെയുളളവയുടെ വികസനത്തിനായി മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് രാഷ്ട്രീയ ഗോകുൽ മിഷൻ നടപ്പിലാക്കുമെന്നും കേന്ദ്ര മന്ത്രി അറിയിച്ചു. നാടൻ ഇനങ്ങളുടെ ലഭ്യത രാജ്യത്ത് വർധിപ്പിക്കുന്നതിന് ഈ ദൗത്യം വഴിയൊരുക്കുന്നു. പശുക്കളുടെ സംരക്ഷണത്തിന് അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ സ്ഥാപിച്ചിട്ടുണ്ടെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.