ഇടുക്കി: തൊടുപുഴ മുട്ടം റൈഫിൾ ക്ലബിൽ നിന്ന് നാലു തോക്കുകൾ കാണാനില്ലെന്ന് പരാതി. തോക്കുകളിൽ വെടിയുണ്ടകൾ നിറക്കുന്ന നാലു മാഗസീനുകളും നഷ്ടപ്പെട്ടു. തൊട്ടു മുൻപുണ്ടായിരുന്ന ഭരണ സമിതി അനധികൃതമായി ഇവ വിൽപ്പന നടത്തിയെന്നാണ് നിലവിലെ ഭരണ സമിതിയുടെ അക്ഷേപം. മുട്ടം റൈഫിൾ ക്ലബ്ബിലുണ്ടായിരുന്ന രണ്ട് റൈഫിളുകളും ട്വൽവ് ബോർ ഗണും ഒരു എയർ റൈഫിളും കാണാതായെന്നാണ് ആരോപണം.1.6 ലക്ഷം മുതൽ മൂന്നു ലക്ഷം രൂപ വരെ വിലയുള്ള തോക്കുകളാണിവ. സബ്സിഡി നിരക്കിൽ റൈഫിൾ ക്ലബ്ബിന് ലഭിക്കുന്ന ഈ തോക്കുകൾക്ക് പൊതു വിപണിയിൽ ഒരെണ്ണത്തിന് പത്തു ലക്ഷത്തോളം രൂപ വില വരും. കൂടാതെ തോക്കുകളിൽ വെടിയുണ്ട നിറക്കുന്ന നാല് മാഗസീനുകളും നഷ്ടപെട്ടു. തുടർച്ചായി വെടി വക്കുന്നതിനാണ് മാഗസീനുകൾ ഉപയോഗിക്കുന്നത്. അതു കൊണ്ട് തന്നെ ഇവ കുറ്റവാളികളുടെയോ രാജ്യ വിരുദ്ധ ശക്തിയുടെയോ കൈയ്യിലെത്തിയാൽ ദേശ സുരക്ഷക്ക് തന്നെ ഭീഷണിയാണ്.
കേരള സ്റ്റേറ്റ് റൈഫിൾ അസ്സോസിയേഷൻറ നിലവിലെ സംസ്ഥാന സെക്രട്ടറിയായ വി സി ജയിംസിൻറെ നേതൃത്വത്തിലുള്ള മുട്ടം റൈഫിൾ ക്ലബ്ബിലെ മുൻ ഭരണ സമിതി ഇവ അനധികൃതമായി വിൽപ്പന നടത്തിയെന്നാണ് ആക്ഷേപമയർന്നിരിക്കുന്നത്. എപ്രിൽ 19 നായിരുന്നു ഭരണ സമിതി തെരഞ്ഞെടുപ്പ്. മെയ് 30 ന് അധികാരമേറ്റ പുതിയ ഭരണ സമിതിക്ക് ഹൈക്കോടതി നിർദ്ദേശ പ്രകാരം ജൂലൈ 19 നാണ് ആസ്തികൾ കൈമാറിയത്.
തുടർന്ന് നടത്തിയ പരിശോധനയിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. പഴയ ഭരണ സമിതിക്ക് തോക്ക് വിൽപ്പന നടത്താൻ ഇടുക്കി എഡിഎമ്മും അനുമതി നൽകിയിട്ടുണ്ട്. ഉപയോഗിച്ചതിനു ശേഷമുള്ള ഷെല്ലുകൾ നിയമം പാലിക്കാതെ നശിപ്പിച്ചതായും ആരോപണമുണ്ട്. അതേ സമയം നിയമം പാലിച്ചാണ് തോക്കുകൾ കൈമാറിയതെന്ന് മുൻ സെക്രട്ടറി വി സി ജെയിംസ് പറഞ്ഞു.ദേശീയ – അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുക്കുന്നവർ പരിശീലനത്തിനായി പണം മുടക്കി ക്ലബ്ബിന്‍റെ പേരിൽ തോക്കുകൾ വാങ്ങാറുണ്ട്. ഏഴു വർഷം കഴിഞ്ഞാൽ ഇവ വാങ്ങിയവർ ആവശ്യപ്പെട്ടാൽ നൽകാൻ വ്യവസ്ഥയുണ്ട്. ഇത് പ്രകാരമാണ് തോക്കുകൾ കൈമാറിയതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ കളക്ടർക്കെതിരെയും പുതിയ ഭരണ സമിതി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.