മണിപ്പൂര്‍ വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ താന്‍ സന്നദ്ധത അറിയിച്ചിട്ടും പ്രതിപക്ഷമാണ് തന്നെ സംസാരിക്കാന്‍ അനുവദിക്കാതിരുന്നതെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ ലോക്‌സഭയില്‍. മണിപ്പൂര്‍ കലാപത്തെക്കുറിച്ച് പറയേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും താന്‍ ചര്‍ച്ച നടത്തുകയും ചെയ്യുമെന്നും അമിത് ഷാ പറഞ്ഞു. രാജ്യത്തോട് താന്‍ മറുപടി പറയേണ്ടയാള്‍ തന്നെയാണ്. എന്നാല്‍ പ്രതിപക്ഷം ഒരു അക്ഷരം തന്നെക്കൊണ്ട് സംസാരിപ്പിക്കുന്നില്ല. ഇത് എന്ത് തരം ജനാധിപത്യമാണെന്നും അമിത് ഷാ ചോദിച്ചു.
മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പറഞ്ഞുകൊണ്ടും രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ചുകൊണ്ടുമാണ് അമിത് ഷാ പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളെ നേരിട്ടത്. സ്വാതന്ത്ര്യലബ്ദിയ്ക്ക് ശേഷം ഇന്ത്യ കണ്ട ഏറ്റവും ജനപ്രിയനായ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദിയെന്ന് അമിത് ഷാ പറഞ്ഞു. കശ്മീരില്‍ സമാധാനം കൊണ്ടുവന്നത് മോദി ഭരണകാലത്താണ്. കശ്മീരിലെ തീവ്രവാദത്തിനെതിരെ ശക്തമായ നടപടിയെടുത്തത് എന്‍ഡിഎ ഭരണകാലത്താണ്. മുന്‍പ് ഏറ്റവും കൂടുതല്‍ അഴിമതി നടന്നത് പ്രതിരോധമേഖലയിലാണെങ്കില്‍ ഇപ്പോള്‍ രാജ്യം കൂടുതല്‍ സുരക്ഷിതമായെന്നും പാകിസ്താനെ വീട്ടില്‍ക്കയറി ആക്രമിക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞെന്നും അമിത് ഷാ പറഞ്ഞു. മോദി ഭരണത്തില്‍ പ്രതിരോധ ഉത്പാദന കേന്ദ്രമായി ഇന്ത്യ മാറിയെന്നും അമിത് ഷാ പറഞ്ഞു.
മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി അപമാനിച്ച സംഭവത്തിലും അമിത് ഷാ പാര്‍ലമെന്റില്‍ പ്രതികരണം അറിയിച്ചു. സ്ത്രീകളെ നഗ്നരാക്കി നടത്തിയ വിഡിയോ പൊലീസിന് ലഭിച്ചിരുന്നില്ല. വിഡിയോ പ്രചരിച്ചതിന് പിന്നാലെ പൊലീസ് പ്രതികളെ പിടികൂടിയെന്നും അമിത് ഷാ പറഞ്ഞു.മണിപ്പൂര്‍ സംഘര്‍ഷത്തില്‍ പ്രതിപക്ഷം രാഷ്ട്രീയം കളിയ്ക്കുന്നത് മോശമാണെന്ന് അമിത് ഷാ പറഞ്ഞു. മണിപ്പൂരിലെ സാഹചര്യങ്ങളില്‍ പ്രതിപക്ഷത്തേക്കാള്‍ ദുഃഖം സര്‍ക്കാരിനുണ്ട്. മെയ്‌തെയ് സംവരണത്തിനുള്ള ഹൈക്കോടതി ഉത്തരവ് എരിതീയില്‍ എണ്ണ ഒഴിച്ചത് പോലെയായി. രാഹുല്‍ ഗാന്ധിയുടെ മണിപ്പൂര്‍ സന്ദര്‍ശനം രാഷ്ട്രീയ നാടകമായിരുന്നുവെന്നും അമിത് ഷാ വിമര്‍ശിച്ചു.