ഭോപ്പാൽ: അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മധ്യപ്രദേശിൽ 100 കോടി രൂപ ചെലവിൽ ക്ഷേത്രം നിർമിക്കുന്നു. സാഗർ ജില്ലയിലാണ് ക്ഷേത്രം നിർമിക്കുന്നത്. 14-ാം നൂറ്റാണ്ടിലെ കവിയും ദലിത് സാമൂഹിക പരിഷ്കർത്താവുമായ സന്ത് രവിദാസിന്റെ പേരിലാണ് ക്ഷേത്രം നിർമിക്കുന്നത്. ക്ഷേത്രത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തറക്കല്ലിടും. പരിപാടിയോടനുബന്ധിച്ച് നടക്കുന്ന പൊതുയോഗത്തെയും അദ്ദേഹം അഭിസംബോധന ചെയ്യും. 10,000 ചതുരശ്ര അടിയിൽ നാഗര ശൈലിയിലാണ് ക്ഷേത്രം നിർമ്മിക്കുന്നത്. രവിദാസിന്റെ സൃഷ്ടികളും വ്യക്തി പ്രഭാവവും വെളിപ്പെടുത്തുന്ന രീതിയിൽ മ്യൂസിയവും നിർമ്മിക്കും. മ്യൂസിയത്തിൽ നാല് ഗാലറികൾ സജ്ജീകരിക്കും. ലൈബ്രറിക്ക് പുറമെ സംഗത് ഹാൾ (മീറ്റിംഗ് ഹാൾ), ജൽ കുണ്ഡ് (ജല സംഭരണി), ഭക്ത് നിവാസ് (ഭക്തർക്കുള്ള താമസം) എന്നിവയും നിർമ്മിക്കും.
ഇന്ത്യയിലും വിദേശത്തെയും രവിദാസിന്റെ ഭക്തരെ ആകർഷിക്കുകയാണ് ക്ഷേത്ര നിർമാണത്തിന്റെ ലക്ഷ്യം. 15,000 ചതുരശ്ര അടിയിൽ ഭക്ഷണശാല നിർമിക്കും. മധ്യകാല ഇന്ത്യയിലെ ഭക്തി പ്രസ്ഥാനത്തിന്റെ അമരക്കാരിലൊരാളായിരുന്നു സന്ത് രവിദാസ്. സംസ്ഥാനത്തെ ദളിത് വിഭാഗത്തെ പാർട്ടിയോടടുപ്പിക്കുകയാണ് ക്ഷേത്ര നിർമാണത്തിലൂടെ ബിജെപി ലക്ഷ്യമിടുന്നത്. നേരത്തെ മൈഹാറിൽ 3.5 കോടി രൂപ ചെലവിൽ സന്ത് രവിദാസ് ക്ഷേത്രം നിർമ്മിച്ചിരുന്നു. സംസ്ഥാനത്തെ ജനസംഖ്യയുടെ 16% ദളിത് വിഭാഗമാണ്.