കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി എംപിക്ക് പരാതി നൽകി ഹർഷിന. കാര്യങ്ങളെല്ലാം രാഹുൽ ഗാന്ധിയെ അറിയിച്ചിട്ടുണ്ടെന്നും പറ്റുന്ന എല്ലാ സഹായങ്ങളും ചെയ്യുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയതായും ഹർഷിന മാധ്യമങ്ങളോട് പറഞ്ഞു. വയറ്റിൽ നിന്ന് കത്രിക പുറത്തെടുത്തിട്ട് ഒരു വർഷമാകാറായിട്ടും നീതിക്കായി താൻ ഇപ്പോഴും തെരുവിലാണെന്നും നീതി കിട്ടാൻ ഏതറ്റം വരെയും പോകുമെന്നും ഹർഷിന പറഞ്ഞു.
കാര്യങ്ങളെല്ലാം പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിക്ക് കത്തയക്കാം എന്ന് അദ്ദേഹം പറഞ്ഞു. ശക്തമായി തന്നെ കാര്യങ്ങൾ നീക്കുമെന്നും പറ്റുന്ന എല്ലാ സഹായങ്ങളും ചെയ്യുമെന്നും രാഹുൽ ഗന്ധി ഉറപ്പ് നൽകിയിട്ടുണ്ട്. നീതി ലഭിക്കണം എന്നത് നിർബന്ധമാണ്. അത് കിട്ടിയിട്ടേ പിൻമാറുകയുള്ളു. അതിന് ഏതറ്റം വരെയും മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനം. പൊലീസ് സ്റ്റേറ്റ് മെഡിക്കൽ ബോർഡിന് അപ്പീൽ കൊടുത്തിട്ടുണ്ട്. ഇനി ഒരു മെഡിക്കൽ ബോർഡ് കൂടി ചേരും. ഇനി മെഡിക്കൽ ബോർഡ് അംഗീകരിച്ചാലും ഇല്ലെങ്കിലും പൊലീസിന്റെ റിപ്പോർട്ടിൽ കോടതിയിൽ പോകാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്.
പൊലീസ് റിപ്പോർട്ട് വരട്ടെ എന്നല്ലാതെ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു അന്വേഷണവും ഇതുവരെ ഉണ്ടായിട്ടില്ല. പൊലീസ് റിപ്പോർട്ട് സമർപ്പിച്ചത് മെഡിക്കൽ ബോർഡ് അതിവിദഗ്ദ്ധമായി തള്ളിയിരിക്കുകയാണ്. ഞാൻ പറയുന്നത് ന്യായമാണ്, നീതി ലഭിക്കണമെന്ന് മന്ത്രി പറയുന്നുണ്ട്. അത് സത്യസന്ധമാണെങ്കിൽ അന്വേഷണ റിപ്പേർട്ട് സമർപ്പിച്ചതിന് എത്രയും പെട്ടെന്ന് നടപടി എടുത്ത് നീതി നടപ്പാക്കണം. ആരോഗ്യമന്ത്രി പറഞ്ഞുകൊണ്ടിരിക്കുന്നു എന്നല്ലാതെ പ്രവൃത്തിയിൽ അത് കാണുന്നില്ല. സത്യാഗ്രഹം തുടങ്ങിയിട്ട് 84-ാം ദിവസമാണ് ഇന്ന്. ഇത്രയും ദിവസം നീതി കാത്ത് എന്നെപ്പോലെ ഒരാൾ ഇരിക്കുക എന്നുപറഞ്ഞാൽ എത്രത്തോളം ബുദ്ധിമുട്ടാണെന്ന് ചിന്തിച്ചാൽ മനസിലാകും. വരുന്ന സെപ്റ്റംബർ 17 ആകുമ്പോൾ എന്റെ വയറ്റിൽ നിന്ന് കത്രിക പുറത്തെടുത്തിട്ട് ഒരു വർഷം ആകുകയാണ്. എന്നിട്ടും ഇപ്പോഴും നീതിക്കു വേണ്ടി ഞാൻ തെരുവിലാണ്.
സർക്കാരിന്റെ ഭാഗത്ത് നിന്ന് നീതിപൂർവമായ നീക്കമാണ് ഉണ്ടായിരുന്നതെങ്കിൽ ഇതിനോടകം തന്നെ പരിഹാരം കണ്ടേനെ. ഇതുവരെ അതിന് സാധിച്ചിട്ടില്ല. പ്രതീക്ഷകളെല്ലാം മങ്ങിയ അവസ്ഥയിലാണ്. ഇത് ചെയ്തവരെ വെളിച്ചത്ത് കൊണ്ടുവന്ന് നഷ്ടപരിഹാരം ലഭിക്കുന്നത് വരെ പോരാടും. ഇത് ഒരു സാമ്പത്തിക നേട്ടത്തിന് വേണ്ടിയല്ല. ഇനിയൊരാൾക്കും ഇങ്ങനെ സംഭവിക്കരുത്. ഡോക്ടർമാർ മനപൂർവം ചെയ്തെന്ന് പറയുന്നില്ല. പക്ഷെ പറ്റിയ തെറ്റിന് പരിഹാരം കാണാൻ മനസുണ്ടാകണം.