ചെന്നൈ: ഹിന്ദി ഇതര സംസ്ഥാനങ്ങളിൽ ബി.ജെ.പി ഹിന്ദി അടിച്ചേൽപ്പിക്കുകയാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. കഴിഞ്ഞ ദിവസം രാജ്യത്തെ ക്രിമിനൽ നിയമങ്ങളുടെ പേര് ഹിന്ദിയിലേക്ക് മാറ്റാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാരിന്റെ അടിച്ചേൽപ്പിക്കൽ നയത്തെ വിമർശിച്ച് സ്റ്റാലിൻ രംഗത്തെത്തിയത്.ഇന്ത്യൻ ശിക്ഷാ നിയമം (ഐ.പി.സി), ക്രിമിനൽ നടപടിച്ചട്ടം (സി.ആർ.പി.സി), ഇന്ത്യൻ എവിഡൻസ് ആക്റ്റ് എന്നിവയുടെ പുനർനാമകരണം ഭരണഘടനാ വിരുദ്ധവും രാജ്യത്തിന്റെ വൈവിധ്യം ഇല്ലാതാക്കാനുള്ള ശ്രമവും ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയും ബി.ജെ.പിയും രാജ്യത്ത് ഭാഷാ സാമ്രാജിത്യം ഉണ്ടാക്കാനാണ് ലക്ഷ്യമിടുന്നതെന്നും സ്റ്റാലിൻ പറഞ്ഞു. രാജ്യത്തിന്റെ സ്വത്ത്വത്തെ പൂർണമായി തുടച്ചുനീക്കാനുള്ള ബി.ജെ.പി സർക്കാരിന്റെ ശ്രമം എതിർക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
ഡി.എം.കെ എം.പി വില്സണും കേന്ദ്ര സർക്കാർ നയത്തെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ഒരു ഭാഷയും ആർക്കുമേലും അടിച്ചേൽപ്പിക്കപ്പെടരുത്. ഹിന്ദി അടിച്ചേൽപ്പിക്കാൻ ഉപയോഗിക്കരുതെന്നും നിയമങ്ങളുടെ പേരുകൾ ഇംഗ്ലീഷിലേക്ക് തന്നെ മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.ആഗസ്റ്റ് 11 നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റിൽ നിയമങ്ങളുടെ പേര് മാറ്റവുമായി ബന്ധപ്പെട്ട് മൂന്ന് ബില്ലുകൾ അവതരിപ്പിക്കുന്നത്. ഇവ പാർലമെന്റ് അംഗീകരിച്ചുകഴിഞ്ഞാൽ ഇന്ത്യൻ ശിക്ഷാ നിയമം (IPC), 1860, ക്രിമിനൽ പ്രൊസീജ്യർ കോഡ് (CrPC), 1898, ഇന്ത്യൻ എവിഡൻസ് ആക്റ്റ്, 1872 എന്നിവയ്ക്ക് പകരം ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) ബിൽ, 2023, ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത (ബി.എൻ.എസ്.എസ്) ബിൽ, 2023, ഭാരതീയ സാക്ഷ്യ (ബി.എസ്) ബിൽ, 2023, എന്ന് നാമകരണം ചെയ്യപ്പെടും.