ഇടുക്കി: വളഞ്ഞങ്ങാനത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനു മുകളിലേക്ക് കൂറ്റന്‍ പാറക്കല്ലുകളും മണ്ണും ഇടിഞ്ഞു വീണ് ഒരു സ്ത്രീ മരിച്ചു. കാറിനുളള കുടുങ്ങിപ്പോയ ഉപ്പുതറ പുളിങ്കട്ട ചാത്തനാട്ട് സോമിനി (57) ആണു മരിച്ചത്. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരുക്കേറ്റു. സംഭവം നടന്ന് 40 മിനിറ്റിനു ശേഷമാണ് സോമിനിയെ കാറില്‍ നിന്നും പുറത്തെടുക്കാന്‍ കഴിഞ്ഞത്.
കട്ടപ്പന സ്വദേശികളും പൊലീസ് ഉദ്യോഗസ്ഥരുമായ ബിബിന്‍ (35), ഭാര്യ അനുഷ്ക (31), ഇവരുടെ മക്കളായ ആദവ് (5), ലക്ഷ്യ (8 മാസം), അനുഷ്കയുടെ മാതാവ് ഷീല (52) എന്നിവര്‍ക്കാണ് പരുക്കേറ്റത്. അനുഷ്കയെയും ഷീലയെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിബിന്അനുഷ്ക ദമ്പതികളുടെ വീട്ടുജോലിക്കാരിയാണു മരിച്ച സോമിനി.
കഴിഞ്ഞ ദിവസം രാത്രി 7 മണിക്കാണ് അപകടം ഉണ്ടായത്. വൈകിട്ട് പെയ്ത കനത്ത മഴയില്‍ മണ്ണിടിഞ്ഞു വീണതാകാം എന്നാണ് നിഗമനം. പാഞ്ചാലിമേട് സന്ദര്‍ശിച്ചു കട്ടപ്പനയിലേക്ക് തിരിച്ചു പോകുന്നതിനിടെ കുഞ്ഞിനു കുറുക്കു കൊടുക്കാന്‍ വേണ്ടി വാഹനം നിര്‍ത്തിയപ്പോഴാണ് മലമുകളില്‍ നിന്നു പാറക്കല്ലുകളും മണ്ണും കാറിനു മുകളിലേക്കു പതിച്ചത്.
നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങിയിരുന്നെങ്കിലും അഗ്നിരക്ഷാസേനയും പൊലീസുമെത്തി മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെയാണു പാറക്കല്ലുകള്‍ നീക്കം ചെയ്തത്. മരിച്ച സോമിനിയുടെ ഭര്‍ത്താവ്: പ്രദീപ്. മക്കള്‍: നീതു, അനു, സുനു.