ബ്രസീലിയൻ സെൻസേഷൻ നെയ്മർ ജൂനിയർ സൗദി ക്ലബ്ബായ അൽ ഹിലാലിൽ. 100 മില്യൺ യൂറോ ആണ് 31 കാരനായ നെയ്മറിനെ കൈമാറ്റം ചെയ്യുന്നതിനായി അൽ ഹിലാൽ പിഎസ്ജിക്ക് നൽകുക. രണ്ടു വർഷത്തേക്കാണ് കരാർ. ആറു വർഷത്തെ നെയ്മർ-പിഎസ്ജി ബന്ധത്തിനാണ് ഇതോടെ തിരശീല വീണത്.
കരാര്‍ സംബന്ധിച്ച് ധാരണയിലെത്തിയതോടെ മെഡിക്കൽ പരിശോധനയ്ക്കായി നെയ്മര്‍ റിയാദിലെത്തും. ക്ലബ്ബിൽ 10 ആം നമ്പർ ജേഴ്സിയിൽ ആയിരിക്കും സൂപ്പർ താരം ഇറങ്ങുക. നേരത്തെ മെസിയെ സ്വന്തമാക്കാനുള്ള അല്‍ ഹിലാലിന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു. പിഎസ്ജുമായി 2025 വരെയാണ് നെയ്മറിന് കരാർ ഉണ്ടായിരുന്നത്.
2017ലാണ് നെയ്മര്‍ ബാര്‍സയില്‍ നിന്ന് പിഎസ്ജിയിലേക്ക് റെക്കോര്‍ഡ് ട്രാന്‍സ്ഫറിലൂടെ എത്തുന്നത്. 243 മില്യണ്‍ ഡോളറായിരുന്നു ട്രാന്‍സ്ഫര്‍ തുക. ബാഴ്സലോണയ്ക്കായി കളിച്ച 186 മത്സരങ്ങളിൽ നിന്ന് നെയ്മർ 181 ഗോളുകൾ നേടിയിട്ടുണ്ട്. ചാമ്പ്യന്‍സ് ലീഗ് കിരീടം എന്ന സ്വപ്നം ലക്ഷ്യമിട്ടാണ് പണമെറിഞ്ഞ് നെയ്മറെ പിഎസ്ജി സ്വന്തമാക്കിയത്.എന്നാൽ, കവാനി എംബാപ്പെ എന്നിവരുമായി ഉണ്ടായ പ്രശ്നങ്ങളെ തുടർന്ന് നെയ്മർ ക്ലബിൽ നിന്ന് അകലാൻ തുടങ്ങിയെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. നേരത്തെ പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബായ അൽ നസറിലേക്ക് എത്തിയതിനു പുറകേ കരീം ബെൻസെമ, സൈദിയോ മാനെ, എൻഗോളോ കാന്‍റെ, റിയാദ് മെഹ്റസ് എന്നിവരും സൗദി ക്ലബുകളിലേക്ക് എത്തിയിരുന്നു.