കൊച്ചി ∙ കോൺഗ്രസ് നേതാവായ മാത്യു കുഴൽനാടൻ എംഎൽഎ മൂന്നാറിൽ 7 കോടി രൂപ വിലയുള്ള ഭൂമി 1.92 കോടി മാത്രം കാണിച്ചു റജിസ്റ്റർ ചെയ്തു സ്റ്റാംപ് ഡ്യൂട്ടി വെട്ടിപ്പ് നടത്തിയെന്നു സിപിഎം. മാത്യു കള്ളപ്പണം വെളുപ്പിച്ചെന്നും നികുതിവെട്ടിപ്പു നടത്തിയെന്നും സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ ആരോപിച്ചു. കലൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഇതുസംബന്ധിച്ചു മോഹനൻ കൂടുതൽ വെളിപ്പെടുത്തൽ നടത്തി.
മാത്യു കുഴൽനാടൻ വലിയ നികുതി വെട്ടിപ്പു നടത്തിയെന്നാണു മോഹനന്റെ ആരോപണം. 2021 മാർച്ച് 18നു രാജകുമാരി സബ് റജിസ്ട്രാർ ഓഫിസിൽ റജിസ്റ്റർ ചെയ്യപ്പെട്ട വസ്തുവിനും റിസോർട്ടിനും മാത്യു കുഴൽനാടനും 2 പങ്കാളികളും വിലയായി കാണിച്ചിരിക്കുന്നത് 1.92 കോടിയാണ്. എന്നാൽ, തിരഞ്ഞെടുപ്പ് കമ്മിഷനു നൽകിയ സത്യവാങ്മൂലത്തിൽ 3.5 കോടിയുടെ ഭൂമി സ്വന്തമായുണ്ടെന്നാണു പറഞ്ഞത്. 3.5 കോടി എന്നതു പകുതി ഷെയറിനാണെന്നും പറയുന്നുണ്ട്. ഭൂമിയുടെ യഥാർഥ വില ഏഴു കോടിയോളം വരുമെന്നും മോഹനൻ വിശദീകരിച്ചു.
തിരഞ്ഞെടുപ്പു കമ്മിഷനു നൽകിയ സത്യവാങ്മൂലത്തിൽ ദുബായ്, ഡൽഹി, ഗുവാഹത്തി, ബെംഗളൂരു, കൊച്ചി എന്നിവിടങ്ങളിൽ താൻ കൂടി പങ്കാളിയായ നിയമസ്ഥാപനത്തിൽനിന്നുള്ള വരുമാനമായി കാണിച്ചിരിക്കുന്നത് 23 കോടിയാണ്. അഭിഭാഷകനായി സജീവ പ്രാക്ടീസ് ആരംഭിച്ച് ഏകദേശം 12 വർഷം മാത്രമായ കുഴൽനാടന് ഇത്രയധികം വരുമാനം ഉണ്ടായതു സംശയകരമാണെന്നും മോഹനൻ പറഞ്ഞു. ഇതേക്കുറിച്ചു സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് സിപിഎം ആവശ്യം.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയ്ക്കെതിരായുള്ള ആദായനികുതി തർക്ക പരിഹാരബോർഡിന്റെ വിധി നിയമസഭയിൽ ഉന്നയിക്കാനുള്ള മാത്യു കുഴൽനാടന്റെ ശ്രമം സ്പീക്കർ വിലക്കിയിരുന്നു. മാത്യു കുഴൽനാടൻ പറഞ്ഞത് സഭാരേഖയിലുണ്ടാകില്ലെന്നും സ്പീക്കർ പറഞ്ഞു. മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യരുതെന്നും നിർദേശിച്ചു.