ഷിംല: ഹിമാചലിൽ കനത്ത മഴയും മലവെള്ളപ്പാച്ചിലും തുടരുന്നു. മഴക്കെടുതിയിൽ ഇത് വരെ 60 മരണമാണ് സംസ്ഥാനത്ത് നിന്ന് റിപ്പോർട്ട് ചെയ്തത്. അഞ്ഞൂറോളം പേരെ രക്ഷപ്പെടുത്തി. സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നും അവധി പ്രഖ്യാപിച്ചു. രക്ഷാപ്രവർത്തനങ്ങൾക്കായി വിവിധ ജില്ലകളിൽ സൈന്യത്തെ വിന്യസിച്ചു. ഷിംല, ഫതേഹ്പൂർ, ഇൻഡോറ, കാംഗ്ര ജില്ലകളിലാണ് സൈന്യത്തെ വിന്യസിച്ചിട്ടുള്ളത്.
മുഖ്യമന്ത്രി സുഖ് വീന്ദർ സിംഗ് സുഖു തുടർച്ചയായി അവലോകന യോഗങ്ങൾ ചേരുന്നുണ്ട്. വീടുകളിൽ വിള്ളലോ മറ്റോ കണ്ടാൽ ഉടൻ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. സംസ്ഥാനത്ത് റെഡ് അലേർട്ട് തുടരുന്നുണ്ട്. ഈ മൺസൂൺ സീസണിൽ ഹിമാചലിൽ മൊത്തം 170 മേഘവിസ്ഫോടനങ്ങളും മണ്ണിടിച്ചിലുകളും ഉണ്ടായി. 9,600 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. സോളൻ, ഷിംല, മാണ്ഡി, ഹമീർപൂർ, കംഗ്ര ജില്ലകളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം ഉണ്ടായത്. സംസ്ഥാനത്ത് മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം.
സോളൻ ജില്ലയിലെ ദുരന്തബാധിത പ്രദേശമായ ജാഡോൺ മുഖ്യമന്ത്രി തിങ്കളാഴ്ച സന്ദർശിച്ചിരുന്നു. ദുരന്തത്തിൽ ഒരു കുടുംബത്തിലെ ഏഴ് പേർക്കാണ് സോളൻ ജില്ലയിൽ ജീവൻ നഷ്ടപ്പെട്ടത്. ഹൃദയഭേദകമായ സംഭവമാണിതെന്ന് അനുശോചനം രേഖപ്പെടുത്തികൊണ്ട് മരിച്ചവരുടെ കുടുംബാംഗങ്ങളോട് മുഖ്യമന്ത്രി പറഞ്ഞു.