കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫി സ്ഥാനാർത്ഥിയായ ചാണ്ടി ഉമ്മന് നാമനിർദേശ പത്രികയ്ക്ക് ഒപ്പം കെട്ടിവയ്ക്കാനുള്ള പണം നൽകുന്നത് സിഒടി നസീറിന്റെ അമ്മയെന്ന് റിപ്പോർട്ട്. പാമ്പാടിയിലെ യുഡിഎഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ വച്ചാണ് തുക കൈമാറുക. ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയായിരുന്നു നസീർ. കേസ് നടക്കുന്നതിനിടെ പ്രതികൾക്ക് അനുകൂലമായ നിലപാട് ഉമ്മൻചാണ്ടി എടുത്തിരുന്നു.
തൃക്കാക്കര മോഡല്‍ പ്രചാരണ തന്ത്രമാണ് പുതുപ്പള്ളിയിലും യുഡിഎഫ് ആസൂത്രണം ചെയ്യുന്നത്. പഴുതടച്ചുള്ള പ്രവര്‍ത്തനങ്ങളിലൂടെ ഉയര്‍ന്ന ഭൂരിപക്ഷം ഉറപ്പിക്കുകയാണ് ലക്ഷ്യം. ചെറുപ്പക്കാര്‍ മുതല്‍ മുതിര്‍ന്ന നേതാക്കള്‍ വരെ പ്രചാരണത്തിന്‍റെ മുൻപന്തിയിലുണ്ടാകും. പുതുപ്പള്ളി പ്രചാരണത്തിന്‍റെ തലപ്പത്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശനാണുള്ളത്. തൊട്ടുതാഴെ ഇടതും വലതുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കെ സി ജോസഫും, ഇങ്ങനെയാണ് യുഡിഎഫിന്‍റെ പുതുപ്പള്ളി പ്രചാരണത്തിന്‍റെ ഒന്നാം പേജ്. പ്രതിപക്ഷ നേതാവെന്ന നിലയില്‍ സര്‍ക്കാരിനെതിരായ പ്രചാരണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടാനാണ് വിഡിയുടെ സാന്നിധ്യം. മണ്ഡലമറിഞ്ഞുള്ള ചരടുവലിക്ക് പുതുപ്പള്ളിയെ രണ്ടായി പകുത്താണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കെ സി ജോസഫിനും ചുമതല നല്‍കിയിരിക്കുന്നത്. ഇരുവരും പുതുപ്പള്ളിയുടെ മണ്ണറിയുന്ന നേതാക്കളാണ്.
തൊട്ടുതാഴെയാണ് കെപിസിസിയുടെ ഭാരവാഹികള്‍ക്ക് ചുമതല. എട്ട് പഞ്ചായത്തുകളുടെ ചുമതല എട്ട് ജനറല്‍ സെക്രട്ടറിമാര്‍ക്കാണ്. എട്ട് എംഎല്‍എമാരും എംപിമാരും അധിക ചുമതലക്കാരായും നല്‍കിയിട്ടുണ്ട്.