കൊല്ലം:താൻ 5 പ്രാവശ്യമായി എം.എൽ എ ആണെന്ന പരിഗണനയെങ്കിലും പൊതുമരാമത്ത് വകുപ്പ് നൽകണമെന്ന് ഗണേഷ് കുമാർ. മുൻ മന്ത്രി ജി.സുധാകരന്റെ സ്നേഹവും പരിഗണനയും ലഭിച്ചിട്ടുണ്ട്. മുൻ വിദ്യാഭ്യാസ മന്ത്രിയും കാര്യമായ മാറ്റമുണ്ടാക്കിയവരാണ്.
പൊതു മരാമത്ത് തന്നെ അവഗണിക്കുകയാണ് , റോഡ് ഉത്ഘാടന ചടങ്ങിൽ റിയാസിനൊപ്പം ഫണ്ടനുവദിച്ച ജി.സുധാകരന്റെ ചിത്രം വക്കാതിരുന്ന സംഘാടകരെ ഗണേഷ് വിമർശിച്ചു. കൊട്ടാരക്കരയിൽ നടന്ന പരിപാടിയിലായിരുന്നു എം എൽ എ യുടെ വിമർശനം. ഈസ്റ്റ് – കോക്കുളത്ത് ഏല – പട്ടമല റോഡിൻ്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു ഗണേഷ് കുമാർ.
പത്തനാപുരത്തെ റോഡുകൾക്ക് വേണ്ടവിധത്തിൽ പരിഗണന നൽകുന്നില്ലെന്ന പരാതി തനിക്കുണ്ട്. ഇക്കാര്യം മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. പത്തനാപുരം ബ്ലോക്കിൽ ഈ വർഷം നൂറു മീറ്റർ റോഡ് പോലും കിട്ടിയിട്ടില്ല. തന്നെപ്പോലെ സീനിയർ എംഎൽഎയെ പരിഗണിക്കാത്തത് ശരിയല്ലെന്ന് ഗണേഷ് കുമാർ പറഞ്ഞു.
“നിയമസഭയിലേക്ക് അഞ്ചുതവണ ജയിച്ചുവന്ന അപൂർവം ചില ആളുകളേ ഉള്ളൂ. ഉമ്മൻ ചാണ്ടി സാർ മരിച്ചതിനു ശേഷം താൻ, വിഡി സതീശൻ, റോഷി അഗസ്റ്റൻ, കോവൂർ കുഞ്ഞുമോൻ എന്നീ നാലുപേർ മാത്രമാണ് തുടർച്ചയായ അഞ്ചുവർഷം ജയിച്ചു നിയമസഭയിൽ എത്തിയത്. അങ്ങനെയുള്ള ആളുകളെ മാനിക്കണം”- അദ്ദേഹം പറഞ്ഞു.
സിനിമ നടൻ ആണെന്നതൊക്കെ നിൽക്കട്ടെ, സീനിയേറിറ്റിയൊക്കെയുണ്ട്. 20 കൊല്ലം മുൻപ് മന്ത്രിയായ ആളാണ്. ആ മര്യാദയൊക്കെ കാണിക്കണം. വേണ്ടവിധത്തിൽ റോഡുകൾ തരുന്നില്ല. പക്ഷേ, ജി സുധാകരൻ തന്നിരുന്നു. അദ്ദേഹത്തോട് നന്ദിയുണ്ട്. ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രി കെട്ടിടങ്ങൾ തരുന്നുണ്ട്. മുൻ വിദ്യാഭ്യാസമന്ത്രി രവീന്ദ്രൻ മാഷിനെയും പ്രത്യേകം ഓർക്കുന്നുവെന്നും ഗണേഷ് കുമാർ പറഞ്ഞു.