രാജ്യസഭയിലെ സിറ്റിംഗ് എംപിമാരിൽ 12 ശതമാനം പേരും ശതകോടീശ്വരന്മാരാണെന്നാണ് റിപ്പോർട്ട്. ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ നിന്നുമാണ് ഏറ്റവും കൂടുതൽ അതിസമ്പന്നരായ പാർലമെന്റ് അംഗങ്ങൾ ഉള്ളത്. 225 സിറ്റിംഗ് എംഎപിമാരിൽ 75 പേർക്കെതിരെ ക്രിമിനൽ കേസുകൾ ഫയൽ ചെയ്യപ്പെട്ടിട്ടുണ്ടെന്നും അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ), നാഷനൽ ഇലക്ഷൻ വാച്ച് (എൻഇഡബ്ല്യു) എന്നിവർ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.
തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയിരിക്കുന്ന വിവരങ്ങളാണ് റിപ്പോർട്ടിന് ആധാരം. റിപ്പോർട്ട് അനുസരിച്ച്, 225 സിറ്റിംഗ് എംപിമാരിൽ 27 പേർ ശതകോടീശ്വരൻമാരാണ്. ആന്ധ്ര പ്രദേശിൽ നിന്നുള്ള 11 എംപിമാരിൽ അഞ്ച് പേർ ശതകോടീശ്വരന്മാരാണ്. തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള മൂന്ന്, ഡൽഹിയിൽ നിന്നുള്ള ഒന്ന്, പഞ്ചാബിൽ നിന്നുള്ള ഏഴ്, ഹരിയാനയിൽ നിന്നുള്ള ഒന്ന്, മധ്യപ്രദേശിൽ നിന്നുള്ള രണ്ട് എംപിമാർക്കും 100 കോടിക്ക് മുകളിൽ ആസ്തിയുണ്ട്.
ബിജെപിയുടെ ആറ്, കോൺഗ്രസിന്റെ നാല്, വൈഎസ്ആർസിപിയുടെ ഒൻപത്, എഎപിയുടെ മൂന്ന്, ടിആർഎസിന്റെ മൂന്ന്, ആർജെഡിയുടെ രണ്ട് എംപിമാർക്ക് 100 കോടിക്കു മുകളിൽ സ്വത്തുണ്ടെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. എംപിമാരുടെ ആകെ സമ്പാദ്യം വച്ചുനോക്കുമ്പോൾ തെലങ്കാനയാണ് ആദ്യ സ്ഥാനത്ത്. 5,596 കോടി രൂപയാണ് തെലങ്കാനയിൽ നിന്നുള്ള ഏഴ് എംപിമാരുടെ ആകെ സ്വത്ത്. ആന്ധ്രാപ്രദേശിൽ നിന്നുള്ള 11 എംപിമാരുടേത് 3,823 കോടി രൂപയും ഉത്തർപ്രദേശിൽ നിന്നുള്ള 30 എംപിമാരുടെ മൂല്യം 1,941 കോടി രൂപയുമാണ്.
225 സിറ്റിംഗ് രാജ്യസഭാ എംപിമാരിൽ 75 പേർ (33 ശതമാനം) തങ്ങൾക്കെതിരെ ക്രിമിനൽ കേസുകളുണ്ടെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. കൂടാതെ 41 (18 ശതമാനം) രാജ്യസഭാ സിറ്റിംഗ് എംപിമാർ ഗുരുതരമായ ക്രിമിനൽ കേസുകളിലും രണ്ട് അംഗങ്ങൾ കൊലപാതകവുമായി ബന്ധപ്പെട്ട കേസുകളിലും(IPC സെക്ഷൻ 302) പ്രതികളാണെന്ന് റിപ്പോർട്ടിൽ പറയുന്നു. രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാ സിറ്റിംഗ് എംപിയായ കോൺഗ്രസിലെ കെസി വേണുഗോപാലിനെതിരെ ബലാത്സംഗക്കേസുണ്ട്.
ബിജെപിയിൽ നിന്നുള്ള 85 രാജ്യസഭാ എംപിമാരിൽ 23 പേർക്കെതിരെ ക്രിമിനൽ കേസ് ഉണ്ട്. കോൺഗ്രസിന്റെ 30 ൽ പത്തുപേർക്കെതിരെയും കേസുണ്ട്. തൃണമൂൽ കോൺഗ്രസിന്റെ 13 എംപിമാരിൽ നാല്, ആർജെഡിയുടെ ആറ് എംപിമാരിൽ അഞ്ച്, സിപിഎമ്മിന്റെ അഞ്ച് എംപിമാരിൽ നാല്, എഎപിയുടെ പത്ത് എംപിമാരിൽ മൂന്ന്, വൈഎസ്ആർസിപിയുടെ ഒൻപത് എംപിമാരിൽ മൂന്ന്, എൻസിപിയുടെ മൂന്ന് എംപിമാരിൽ രണ്ടു പേർക്കെതിരെയാണ് ക്രിമിനൽ കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.