ലക്നൗ: പ്രിയങ്കാ ഗാന്ധി യു പിയിൽ എവിടെ മത്സരിച്ചാലും വിജയിപ്പിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ അജയ് റായ്. പുതിയതായി ചുമതല ഏറ്റെടുത്തതിന് പിന്നാലെയായിരുന്നു രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും യു പിയിൽ നിന്ന് മത്സരിച്ചേക്കുമെന്ന സൂചന നൽകിയത്. വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ എതിരിടാൻ പ്രിയങ്കയെ കോൺഗ്രസ് കന്നി അങ്കത്തിന് ഇറക്കുമോ എന്ന ചോദ്യത്തിന് എവിടെ മത്സരിച്ചാലും വിജയിപ്പിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തെപ്പറ്റിയും അജയ് റായ് പരാമർശം നടത്തി. രാഹുൽ യു പിയിലെ അമേഠി മണ്ഡലത്തിനെ പ്രതിനിധീകരിച്ച് മത്സരിക്കുമെന്നായിരുന്നു അജയ് റായ് അറിയിച്ചത്. നിയുക്ത യു പി കോൺഗ്രസ് അദ്ധ്യക്ഷന്റെ സുപ്രധാനമായ പ്രഖ്യാപനം മാദ്ധ്യമങ്ങൾവഴി പ്രചരിച്ചതോടെ എഐസിസി വിഷയത്തിൽ തിരുത്തുമായി രംഗത്തെത്തി. അജയ് റായ് സ്വന്തം ആഗ്രഹം പ്രകടിപ്പിച്ചതാകാമെന്നും ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്വത്തിൽ നിലവിൽ തീരുമാനമായിട്ടില്ലെന്നും എഐസിസി അറിയിച്ചു .
അമേഠിയയിൽ രാഹുൽ മത്സരിക്കുമെന്ന അജയ് റായുടെ എഐസിസി പ്രഖ്യാപനം പൂർണമായും നിഷേധിച്ചില്ല എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ അമേഠിയയിൽ നിന്ന് മത്സരിച്ച രാഹുൽ ഗാന്ധി കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് പരാജയപ്പെട്ടിരുന്നു. വയനാട് മണ്ഡലത്തിലെ വിജയമാണ് അദ്ദേഹത്തെ എം പി സ്ഥനം നിലനിർത്താൻ സഹായിച്ചത്.