ബെംഗളൂരു: വരുമാനം പെരുപ്പിച്ചുകാണിച്ചതിനെ തുടർന്ന് പ്രതിസന്ധിയിലായ ബൈജൂസ് ലേണിംഗ് ആപ്പിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ. വിവിധ വിഭാഗങ്ങളിൽ നിന്നായി നൂറ് ജീവനക്കാരെയാണ് ബൈജൂസ് പിരിച്ചു വിട്ടത്. പെർഫോമൻസ് വിലയിരുത്തിയാണ് പിരിച്ചു വിടലെന്നാണ് ബൈജൂസ് നൽകുന്ന വിശദീകരണം. കൂട്ടപ്പിരിച്ചുവിടലിനെതിരെ കർണാടക തൊഴിൽ വകുപ്പിന് മുന്നിലടക്കം പരാതികൾ നിലനിൽക്കെയാണ് പുതിയ നീക്കം. കഴിഞ്ഞമാസവും ബൈജൂസ് ആയിരത്തോളം തൊഴിലാളികളെ പിരിച്ചു വിട്ടിരുന്നു.
ബൈജൂസിന് പ്രതിസന്ധിയായി ആഭ്യന്തര റിപ്പോർട്ട് പുറത്ത് വന്നിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ബൈജൂസിന്‍റെ ട്യൂഷൻ സെന്‍റർ ഉപഭോക്താക്കളിൽ പകുതിപ്പേരും റീഫണ്ട് ആവശ്യപ്പെട്ടതായാണ് കമ്പനി ആഭ്യന്തര റിപ്പോർട്ടിൽ പറയുന്നത്. കഴിഞ്ഞ നവംബർ മുതൽ ഏകദേശം മൂവായിരത്തോളം തൊഴിലാളികളെയാണ് ജോലിയിൽ നിന്നും പിരിച്ചു വിട്ടത്. കൊവിഡിന് ശേഷം സ്കൂളുകൾ തുറന്നതോടെ ഓൺലൈൻ വിദ്യാഭ്യാസത്തിന് പ്രസക്തി കുറഞ്ഞു. ഇതോടെയാണ് ബൈജൂസ് കുടുങ്ങിയത്.
ഇതിനിടെ ഉയർന്ന മൂല്യത്തിൽ മൂലധനം സ്വരൂപിക്കുന്നതിനായി വരുമാനം പെരുപ്പിച്ച് കാണിച്ചതും കമ്പനിക്ക് തിരിച്ചടിയായി. വിദേശ പണമിടപാടുകൾ സ്വീകരിച്ചതിന്റെ പേരിൽ എൻ്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ് കൂടിയായതോടെ കമ്പനിയുടെ പ്രതിസന്ധി രൂക്ഷമാകുകയായിരുന്നു.