ഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രിയും പാകിസ്താൻ തെഹ്രീകെ ഇൻസാഫ് പാർട്ടി നേതാവുമായ ഇമ്രാൻ ഖാനെ അറ്റോക് ജയിലിൽ വെച്ച് വിഷം കൊടുത്ത് കൊല്ലാൻ സാധ്യതയുണ്ടെന്ന് അദ്ദേഹത്തിന്റെ ഭാര്യ ബുഷ്റ ബീബി. അദ്ദേഹത്തിന്റെ ജീവൻ ഭീഷണിയിലാണ്. ഇമ്രാൻ ഖാനെ അറ്റോക് ജയിലിൽ നിന്ന് റാവൽപിണ്ടിയിലെ അഡിയാലയിലേക്ക് മാറ്റണമെന്നും ബുഷ്റ ബീബി ആവശ്യപ്പെട്ടു. പഞ്ചാബ് ആഭ്യന്തര സെക്രട്ടറിക്ക് അയച്ച കത്തിലൂടെയാണ് ഇമ്രാൻ ഖാന്റെ പ്രതികരണം.
‘എന്റെ ഭർത്താവിനെ ഒരു ന്യായീകരണവുമില്ലാതെ അറ്റോക് ജയിലിൽ അടച്ചിരിക്കുന്നു. നിയമമനുസരിച്ച് എന്റെ ഭർത്താവിനെ അഡിയാല ജയിലിലേക്ക് മാറ്റണം, ബുഷ്റ ബീബി കത്തിൽ പറഞ്ഞു.70 കാരനായ പിടിഐ മേധാവിയുടെ സാമൂഹികവും രാഷ്ട്രീയവുമായ പദവി കണക്കിലെടുത്ത് ജയിലിൽ ബി ക്ലാസ് സൗകര്യങ്ങൾ നൽകണം. അറ്റോക് ജയിലിൽ വെച്ച് ഇമ്രാൻ ഖാന് വിഷം കൊടുത്ത് കൊല്ലാൻ സാധ്യതയുണ്ട്. രണ്ടു വധശ്രമങ്ങൾ അദ്ദേഹം നേരിട്ടിട്ടുണ്ട്. ആ കേസിലുൾപ്പെട്ടവരെ ഇനിയും പിടികൂടാനായിട്ടില്ല. ഇമ്രാന്റെ ജീവൻ ഇപ്പോഴും ഭീഷണിയിലാണ്. ഭയമുണ്ടെന്നും ബുഷ്റ ബീബി കത്തിൽ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ജയിലിൽ പോയി ഇമ്രാനെ കണ്ടിരുന്നു. സി-ക്ലാസ് ജയിൽ സൗകര്യങ്ങളാണ് അദ്ദേഹത്തിന് നൽകിയിട്ടുളളതെന്നും ബുഷ്റ പറഞ്ഞു. തൊഷഖാന അഴിമതിക്കേസിൽ ഇസ്ലാമാബാദ് വിചാരണ കോടതി ഇമ്രാൻ ഖാൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് തൊട്ടുപിന്നാലെ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. അഡിയാല ജയിലിൽ തടങ്കൽ പാർപ്പിക്കാനായിരുന്നു കോടതി ഉത്തരവിട്ടിരുന്നത്. എന്നാൽ പൊലീസ് അറ്റോക് ജയിലിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഓഗസ്റ്റ് അഞ്ചിനാണ് ഇമ്രാനെ അറസ്റ്റ് ചെയ്തത്. ഭരണത്തിലിരിക്കെ വിദേശ രാജ്യങ്ങളിൽ നിന്നടക്കം കിട്ടിയ വിലപിടിപ്പുളള സമ്മാനങ്ങൾ വിറ്റുവെന്നതാണ് തോഷഖാന കേസ്.