കോട്ടയം: ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പുതുപ്പള്ളി മണ്ഡലത്തിൽ പ്രചാരണം നടത്താൻ സംസ്ഥാന കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി. “കെ റെയിൽ അനുകൂലികൾക്ക് വോട്ടില്ല” എന്ന മുദ്രാവാക്യം ഉയർത്തി വോട്ടർമാരെ സമീപിക്കാനാണ് തീരുമാനം.ഉപതിരഞ്ഞെടുപ്പിൽ സർക്കാരിന് അനുകൂലമായി ലഭിക്കുന്ന വോട്ടുകൾ കെ റയിൽ സിൽവർ ലൈൻ പദ്ധതിക്ക് അനുകൂലമായ ജനഭിപ്രായമാണ് എന്ന രീതിയിൽ പ്രചാരണം നടത്താൻ സാധ്യതയുണ്ട്. ഇത് മുൻകൂട്ടി കണ്ടാണ് പ്രചാരണ രംഗത്തിറങ്ങാൻ ചെയർമാൻ എം.പി ബാബുരാജിന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന സമിതി യോഗം തീരുമാനിച്ചത്.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലും ഇതേ മുദ്രാവാക്യം മുന്നോട്ടുവെച്ച് സമരസമിതി വലിയ പ്രചാരണം നടത്തിയിരുന്നു. കെ റയിൽ സിൽവർ ലൈൻ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിക്കുന്ന നിലപാടും അതിലെ ജനവിരുദ്ധ രാഷ്ട്രീയവും ചർച്ച ചെയ്യുന്ന നിരവധി പൊതുയോഗങ്ങൾ തൃക്കാക്കരയിൽ സംഘടിപ്പിച്ചിരുന്നു. വിവിധ ജില്ലകളിൽ നിന്നെത്തിയ സമരസമിതി അംഗങ്ങൾ വീടുകൾ കയറിയും പ്രചാരണം നടത്തി.
വിജയകരമായി നടപ്പിലാക്കിയ ഈ മാതൃക പുതുപ്പള്ളിയിലും സ്വീകരിക്കാനാണ് സമിതി തീരുമാനിച്ചിരിക്കുന്നത്. പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി സംസ്ഥാന ചെയർമാന്റെ നേതൃത്വത്തിൽ അഞ്ചംഗ സമിതിയെയും യോഗം ചുമതലപ്പെടുത്തി. സെപ്റ്റംബർ ഒന്നിന് കോട്ടയം ജില്ലയിലെ മാടപ്പള്ളി സ്ഥിരം സമരപ്പന്തലിൽ നടന്നു വരുന്ന നിരന്തര സത്യഗ്രഹ സമരം 500 ദിവസം പൂർത്തിയാക്കുന്നതിനോട് അനുബന്ധിച്ച് കോട്ടയം നഗരത്തിൽ രാവിലെ 10 ന് സമര സംഗമം നടത്തും. തുടർന്ന് സംസ്ഥാന സമിതി യോഗത്തിന് ശേഷം സമിതി നേതാക്കൾ പുതുപ്പള്ളി മണ്ഡലത്തിൽ സന്ദർശനം നടത്താനും യോഗം തീരുമാനിച്ചു.