ബകു: ഫിഡെ ചെസ് ലോകകപ്പിൽ നോർവെയുടെ മാഗ്നസ് കാൾസന് കിരീടം. അത്യന്തം വാശിയേറിയ ഫൈനലിൽ ടൈബ്രേക്കറിലാണ് ഇന്ത്യയുടെ കൗമാര വിസ്മയം പ്രഗ്നാനന്ദയെ കാൾസൻ തോൽപ്പിച്ചത്. ഫൈനലിലെ ആദ്യ രണ്ട് ഗെയിമുകളും സമനിലയിൽ കലാശിച്ചതോടെയാണ് മത്സരം ടൈബ്രേക്കറിലേക്ക് നീണ്ടത്. ടൈബ്രേക്കിൽ സമയത്തെ അടിസ്ഥാനമാക്കിയുള്ള അതിവേഗ ശൈലിയായ റാപ്പിഡാണ് നടന്നത്.
ടൈ ബ്രേക്കറിലെ ആദ്യ ഗെയിമിൽ കറുത്ത കരുക്കളുമായാണ് കാൾസൻ കളിച്ചത്. തന്ത്രപരമായ നീക്കത്തോടെ അദ്ദേഹം ആദ്യ ഗെയിം സ്വന്തമാക്കി. രണ്ടാം ഗെയിമിൽ കറുത്ത കരുക്കളുമായി കളിച്ച പ്രഗ്നാനന്ദ കൂടുതൽ സമ്മർദ്ദത്തിലായി. അതുകൊണ്ടുതന്നെ പ്രതിരോധത്തിലൂന്നിയാണ് പ്രഗ്നനന്ദ കളിച്ചത്. ഗെയിം സമനിലയിലായതോടെ കാൾസൻ വിജയം സ്വന്തമാക്കുകയായിരുന്നു. ടൈബ്രേക്കറിൽ ഒന്നര പോയിന്‍റ് നേടിയാണ് കാൾസൻ ചെസിൽ ആദ്യ ലോകകപ്പ് കിരീടം നേടുന്നത്.
ആദ്യ രണ്ട് ഗെയിമുകളിലും ലോക ഒന്നാം നമ്പര്‍ താരമായ മാഗ്നസ് കാള്‍സനെ സമനിലയില്‍ തളക്കാൻ പ്രഗ്നാനന്ദക്ക് കഴിഞ്ഞിരുന്നു. രണ്ടാം ഗെയിമിൽ 30 നീക്കങ്ങള്‍ക്കൊടുവില്‍ ഇരുവരും സമനില അംഗീകരിക്കുകയായിരുന്നു.ചെസിൽ അഞ്ച് തവണ ലോകചാംപ്യനായ താരമാണ് മാഗ്നസ് കാൾസൻ. വിശ്വനാഥൻ ആനന്ദിന് ശേഷം ചെസ് ലോകകപ്പ് ഫൈനലിലെത്തുന്നയാളാണ് പ്രഗ്നാനന്ദ. ലോകകപ്പിൽ ഇതാദ്യമായാണ് പ്രഗ്നാനന്ദയും കാൾസനും നേർക്കുനേർ വന്നത്.