ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സിന്റെ സാറ്റലൈറ്റ് ഇന്റർനെറ്റ് പദ്ധതിയായ സ്റ്റാർലിങ്ക് ഉടൻ ഇന്ത്യയിലേക്ക് വരാൻ പോകുന്നതായി റിപ്പോർട്ട്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ‘ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്’ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൃത്രിമ ഉപഗ്രഹണങ്ങളുടെ സഹായത്തോടെ കുറഞ്ഞ നിരക്കിൽ അതിവേഗ ഇന്റർനെറ്റ് സേവനം എത്തിക്കുന്ന സ്പെയ്സ് എക്സിന്റെ പദ്ധതിയാണ് സ്റ്റാർലിങ്ക്.
സ്റ്റാർലിങ്ക് കഴിഞ്ഞ വർഷം ടെലികമ്മ്യൂണിക്കേഷൻ വകുപ്പുമായി (DoT) ഗ്ലോബൽ മൊബൈൽ പേഴ്‌സണൽ കമ്മ്യൂണിക്കേഷൻ ബൈ സാറ്റലൈറ്റ് ലൈസൻസിന് അപേക്ഷിച്ചിരുന്നു. അതേസമയം, സ്റ്റാർലിങ്കിന് ലൈസൻസ് നൽകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കാൻ DoT ഉദ്യോഗസ്ഥർ സെപ്റ്റംബർ 20-ന് യോഗം ചേരുമെന്നും റിപ്പോർട്ടുണ്ട്.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിലെ ഇലോൺ മസ്കുമായുള്ള കൂടിക്കാഴ്ചയിൽ സ്റ്റാർലിങ്ക് പദ്ധതി ചർച്ചയാവുകയും, അന്ന് സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനുള്ള താത്പര്യം ഇലോൺ മസ്ക് പങ്കുവെക്കുകയും ചെയ്തിരുന്നു. ഇന്ത്യയുടെ വിദൂരഗ്രാമങ്ങളിലേക്ക് ഇന്റർനെറ്റ് എത്തിക്കാനുള്ള കമ്പനിയുടെ ശേഷിയെക്കുറിച്ച് മസ്ക് അന്ന് വിവരിച്ചിരുന്നു. അടുത്ത വർഷം ഇന്ത്യ സന്ദർശിക്കുമെന്നും, സ്റ്റാർലിങ്ക് പദ്ധതി ഉടൻ അവതരിപ്പിക്കാനാകുമെന്ന് പ്രത്യാശിക്കുന്നതായും മസ്ക് മാധ്യമങ്ങളോട് വ്യക്തമാക്കി
സ്റ്റാർലിങ്ക് പദ്ധതിയിലൂടെ ഇന്ത്യയിലെ ഒറ്റപ്പെട്ട് നിൽക്കുന്ന ഗ്രാമങ്ങളെ ശാക്തീകരിക്കാനും, ഇന്റർനെറ്റ് എത്തിയിട്ടില്ലാത്ത ഗ്രാമങ്ങളിലേക്ക് അത് ലഭ്യമാക്കാനും സാധിക്കുമെന്നാണ് സ്പേസ്എക്സ് കമ്പനിയുടെ വിലയിരുത്തൽ. കൂടാതെ, സ്റ്റാർലിങ്കിന്റെ നവീന സാങ്കേതിക വിദ്യയിലൂടെ ഇന്ത്യയിലെ വ്യക്തികൾക്ക് അവസരങ്ങളുടെ ലോകത്തേക്ക് പ്രവേശിക്കാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നതായും മസ്ക് അന്ന് വ്യക്തമാക്കിയിരുന്നു.