വിശാഖപട്ടണം: ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ നൂറു കോടി രൂപയുടെ ചെക്ക് നിക്ഷേപിച്ച് ഭക്തൻ. ആന്ധ്രപ്രദേശിലെ സീമാചലത്തിലെ ക്ഷേത്രത്തിലാണു സംഭവം. എന്നാൽ, ചെക്ക് മാറ്റാൻ ബാങ്കിൽ ചെന്നപ്പോഴാണു ക്ഷേത്രം ഭാരവാഹികൾ ശരിക്കും തലയിൽ കൈവച്ചത്. 17 രൂപ മാത്രമാണ് അക്കൗണ്ടിലുണ്ടായിരുന്നത്!
സീമാചലം ശ്രീവരാഹലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിലെ ഭണ്ഡാരത്തിലാണ് ഒരു ഭക്തൻ സർപ്രൈസ് ചെക്ക് നിക്ഷേപിച്ചത്. ചെക്കിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. കൊട്ടക് മഹീന്ദ്രയുടെ ബാങ്കിന്റെ പേരിലുള്ള ചെക്കിൽ ബൊഡ്ഡെപള്ളി രാധാകൃഷ്ണ എന്നയാളാണ് ഒപ്പിട്ടത്.
മഹീന്ദ്രയുടെ വിശാഖപട്ടണം ബ്രാഞ്ചിൽനിന്നാണ് ഇയാൾ അക്കൗണ്ട് ആരംഭിച്ചത്. ചെക്ക് കണ്ട ക്ഷേത്രം ഭാരവാഹികൾ ഇതുമായി തൊട്ടടുത്തുള്ള ബ്രാഞ്ചിലെത്തിയപ്പോഴാണ് അജ്ഞാത ഭക്തന്റെ ‘പണി’ തിരിച്ചറിയുന്നത്. ബാങ്ക് ജീവനക്കാർ പരിശോധിച്ചപ്പോൾ അക്കൗണ്ടിൽ കണ്ടത് 17 രൂപ മാത്രമായിരുന്നു. അക്കൗണ്ട് ഉടമയുടെ വിവരങ്ങൾ ശേഖരിച്ച് ഇയാളെ കണ്ടെത്താനുള്ള നീക്കത്തിലാണ് ഉദ്യോഗസ്ഥർ. ക്ഷേത്രം ഭാരവാഹികളെ കബളിപ്പിക്കാൻ ബോധപൂർവം നടത്തിയ പണിയാണെന്നു വ്യക്തമായാൽ ഇയാൾക്കെതിരെ ചെക്ക് മടങ്ങിയതിന് കേസെടുക്കും.
ആന്ധ്രയിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് ശ്രീവരാഹലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രം.