ന്യൂഡൽഹി: മാദ്ധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഐ എ എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി. കേസിൽ നരഹത്യാക്കുറ്റം നിലനിൽക്കുമെന്ന ഹൈക്കോടതി വിധിക്കെതിരെ ശ്രീറാം സമർപ്പിച്ച അപ്പീൽ സുപ്രീം കോടതി തള്ളി. വിചാരണ നടക്കേണ്ട കേസാണിതെന്ന് പറഞ്ഞ സുപ്രീം കോടതി തെളിവുകൾ നിലനിൽക്കുമോയെന്ന് വിചാരണയിൽ പരിശോധിക്കട്ടെയെന്നും പറഞ്ഞു.
നരഹത്യാക്കുറ്റം ഒഴിവാക്കിയ വിചാരണക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച ഹർജിയിൽ ശ്രീറാമിനെതിരെ നരഹത്യാക്കുറ്റം നിലനിൽക്കുമെന്ന് ഏപ്രിൽ 13ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് ശ്രീറാം സുപ്രീം കോടതിയെ സമീപിച്ചത്. നരഹത്യാക്കുറ്റം ചുമത്താൻ തെളിവില്ലെന്നായിരുന്നു അപ്പീലിൽ പറഞ്ഞത്.
അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിലെ ശാസ്ത്രീയ പരിശോധനാ റിപ്പോർട്ടിൽ ശരീരത്തിൽ മദ്യത്തിന്റെ അംശമില്ലായിരുന്നു. അതിനാൽ തനിക്കെതിരെയുള്ള കേസ് നിലനിൽക്കില്ല. ഇത് സാധാരണ മോട്ടോർ വാഹന വകുപ്പ് പ്രകാരമുള്ള കേസ് മാത്രമാണെന്നും ശ്രീറാം ഹൈക്കോടതിയിൽ വാദിച്ചിരുന്നു.
2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെയാണ് ശ്രീറാമും സുഹൃത്തും സഞ്ചരിച്ച കാറിടിച്ച് മാദ്ധ്യമപ്രവർത്തകൻ കെ എം ബഷീർ മരിച്ചത്. 2020 ഫെബ്രുവരിയിലാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. 66 പേജുള്ള കുറ്റപത്രത്തിൽ 84 രേഖകളും 72 തൊണ്ടി മുതലുകളും പൊലീസ് കോടതിയിൽ ഹാജരാക്കി. 100 സാക്ഷിമൊഴികളുമുണ്ട്. മനഃപൂർവമല്ലാത്ത നരഹത്യ, പൊതുമുതൽ നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ശ്രീറാമിനെതിരെ ചുമത്തിയത്. 10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റങ്ങളാണിത്.