ന്യൂഡൽഹി: യു.പിയിലെ മുസഫർനഗറിലെ നേഹ പബ്ലിക് സ്കൂളിൽ മുസ്‍ലിം വിദ്യാർഥിയെ തല്ലാൻ ആവശ്യപ്പെട്ട അധ്യാപികക്കെതിരെ കേസ്. വിദ്യാർഥികളോട് അധ്യാപിക തല്ലാൻ ആവശ്യപ്പെടുകയും അവരുടെ നിർദേശമനുസരിച്ച് കുട്ടികൾ തല്ലുകയും ചെയ്യുന്നതിന്റെ വിഡിയോ വൈറലായിരുന്നു. വലിയ രീതിയിലുള്ള പ്രതിഷേധമാണ് അധ്യാപികക്കെതിരെ ഉയർന്നത്. തുടർന്ന് യു.പി പൊലീസ് സംഭവത്തിൽ കേസെടുക്കുകയായിരുന്നു.
വിദ്യാർഥിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. നേരത്തെ അധ്യാപികക്കെതിരെ പരാതി നൽകില്ലെന്നായിരുന്നു പിതാവിന്റെ നിലപാട്. ഐ.പി.സി സെക്ഷൻ 524, 323 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.നേഹ പബ്ലിക് സ്കൂളിലെ ക്ലാസ് മുറിയിൽ മുസ്‍ലിം വിദ്യാർഥിയെ എഴുന്നേൽപിച്ച് നിർത്തിയ അധ്യാപിക, മറ്റു വിദ്യാർഥികളെ കൊണ്ട് ഈ കുട്ടിയുടെ മുഖത്ത് അടിപ്പിക്കുകയായിരുന്നു. ഇത് മറ്റൊരാൾ വിഡിയോയിൽ പകർത്തി പ്രചരിപ്പിച്ചു. വ്യാഴാഴ്ചയാണ് സംഭവം നടന്നതെന്ന് മർദനത്തിനിരയായ കുട്ടി പറഞ്ഞു. മുമ്പും വിദ്യാർഥികളെ സഹപാഠികളെ കൊണ്ട് തല്ലിക്കുന്ന ശീലം തൃപ്ത ത്യാഗി എന്ന അധ്യാപികയ്ക്ക് ഉണ്ടായിരുന്നതായി മർദനമേറ്റ കുട്ടിയുടെ മാതാവ് റുബീന മാധ്യമങ്ങളോാട് പറഞ്ഞു.