കോട്ടയം : പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരെ നടത്തിയ സൈബർ അധിക്ഷേപത്തിൽ ക്ഷമാപണവുമായി സെക്രട്ടേറിയറ്റിലെ മുൻ ഉദ്യോഗസ്ഥൻ. മുൻ അഡീഷണൽ സെക്രട്ടറിയും ഇടതു സംഘടനാ നേതാവുമായ നന്ദകുമാർ കൊളത്താപ്പിള്ളിയാണ് ക്ഷമാപണം നടത്തിയത്. നന്ദകുമാറിനെതിരെ പൂജപ്പുര പൊലീസിൽ അച്ചു ഉമ്മൻ ഇന്നലെ പരാതി നൽകിയതിരുന്നു. ഇതിനു പിന്നാലെയാണു ക്ഷമാപണം.
രണ്ടുതവണ മുഖ്യമന്ത്രിയായിരുന്ന വ്യക്തിയാണു തന്റെ പിതാവെന്നും അധികാര ദുർവിനിയോഗം നടത്തി ഒരു രൂപ പോലും സമ്പാദിച്ചതായി തനിക്കെതിരെ ഒരു ആരോപണവും ഇതുവരെ ഉയർന്നിട്ടില്ലെന്നും കഴിഞ്ഞ ദിവസം അച്ചു ഉമ്മൻ ചൂണ്ടിക്കാട്ടിയിരുന്നു. പിതാവിനെ ജീവിതകാലം മുഴുവൻ വേട്ടയാടിയിരുന്നവർ അദ്ദേഹത്തിന്റെ മരണശേഷം മക്കളെ വേട്ടയാടുകയാണ്. അഴിമതിയിൽനിന്നു ശ്രദ്ധ തിരിച്ചുവിടാനാണ് സൈബർ ആക്രമണമെന്നും അച്ചു പറഞ്ഞിരുന്നു