കോട്ടയം: സൈബർ ആക്രമണത്തിനെതിരെ നൽകിയ പരാതിയിൽ ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മന്റെ മൊഴിയെടുത്ത് പൂജപ്പുര പൊലീസ്. പുതുപ്പള്ളിയിലെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്. ഇടത് സംഘടനാ പ്രവർത്തകനും സെക്രട്ടേറിയറ്റിലെ മുൻ അഡീഷണൽ സെക്രട്ടറിയുമായ നന്ദകുമാർ കൊളത്താപ്പിള്ളിക്കെതിരെ പരാതി നൽകിയതിന് പിന്നാലെ പൊലീസ് കേസെടുത്തിരുന്നു. പരാതിക്ക് പിന്നാലെ നന്ദകുമാർ ക്ഷമാപണവും നടത്തിയിരുന്നു.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ചൂടുപിടിക്കുന്നതിനിടെയാണ് അച്ചു ഉമ്മന്റെ ജോലിയും വസ്ത്രധാരണവും സമ്പാദ്യവുമൊക്കെ ഉയർത്തിയുള്ള അധിക്ഷേപം സമൂഹമാദ്ധ്യമങ്ങളിൽ സജീവമായത്. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് വിവാദത്തിന് മറുപടിയെന്ന നിലയ്ക്കായിരുന്നു ഇടത് അനുകൂലികളുടെ പ്രചാരണം.
തിങ്കളാഴ്ച വൈകിട്ടാണ് നന്ദകുമാർ കൊളത്താപ്പിള്ളിക്കെതിരെ അച്ചു പരാതി നൽകിയത്. അതുവരെ അധിക്ഷേപ പോസ്റ്റുകളിട്ടുകൊണ്ടിരുന്ന നന്ദകുമാർ പരാതിക്ക് പിന്നാലെ മാപ്പ് പറഞ്ഞുകൊണ്ട് ഫേസ്‌ബുക്കിൽ എത്തി. സ്ത്രീത്വത്തെ അപമാനിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും അറിയാതെ സംഭവിച്ച തെറ്റിന് നിരുപാധികം മാപ്പപേക്ഷിക്കുന്നു എന്നുമാണ് നന്ദകുമാർ കുറിച്ചത്.