തിരുവനന്തപുരം: ഓണ കാലത്ത് കേരളത്തിൽ റേക്കോഡ് മദ്യ വിൽപന. പത്ത് ദിവസം കൊണ്ട് ബെവ്കോ വിറ്റഴിച്ചത് 757 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വർഷത്തെക്കാൾ 57 കോടിയുടെ അധിക വിൽപനയാണ് ഇത്തവണ ഉണ്ടായത്. കൂടുതൽ വിറ്റഴിഞ്ഞത് ജവാൻ റം ആണ്. ഏറ്റവും കൂടുതൽ വിൽപന നടന്നത് മലപ്പുറം തിരൂരിലെ ഔട്ട്ലെറ്റിലും.
ഓണത്തിന് ബമ്പറടിച്ചത് ബെവ്കോയ്ക്കാണെന്ന് പറയാം. ഓരോ ഉത്സവ സീസണുകളിലും റെക്കോർഡ് തിരുത്തി എഴുതുകയാണ് കോർപറേഷൻ. കഴിഞ്ഞ വർഷത്തെ ഓണക്കാല മദ്യ വിൽപന 700 കോടിയായിരുന്നങ്കിൽ ഇത്തവണ 757 കോടി രൂപയുടെ മദ്യമാണ് വിറ്റഴിഞ്ഞത്. ഓണക്കാല മദ്യ വിൽപനയിലൂടെ ഖജനാവിലേക്ക് നികുതിയിനത്തിൽ എത്തിയത് 675 കോടി രൂപ.
കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ വിൽപന നടന്നത് മലപ്പുറം തിരൂരിലെ ബെവ്കോ ഔട്ട്ലെറ്റിലാണ്. 7 കോടിയുടെ മദ്യമാണ് ഇവിടെ വിറ്റത്. ഉത്രാട കച്ചവടം 116 കോടി രൂപയുടേതായിരുന്നു. അവിട്ട ദിനത്തിൽ 91 കോടി രൂപയുടെ മദ്യവിൽപനയും നടന്നു. ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ ബ്രാൻഡ് ജവാൻ റം ആണ്. ആറ് ലക്ഷത്തി മുപ്പതിനായിരം ലിറ്റർ ജവാനാണ് ഈ ഓണക്കാലം വിറ്റത്. മദ്യം വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകില്ലെന്ന് ഉറപ്പാക്കാൻ ബെവ്കോ അതിന്റെ ഔട്ട്ലെറ്റുകൾക്കായി നേരത്തെ തന്നെ സർക്കുലർ നൽകിയിരുന്നു. ഏറ്റവും കൂടുതൽ ഡിജിറ്റൽ പേയ്മെന്റ് നടത്തുന്ന ഔട്ട്ലെറ്റുകൾക്ക് പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.