തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലും മുഖ്യമന്ത്രിയുടെ യാത്രയ്ക്കും പൊലീസിനുമായി ഹെലികോപ്റ്റർ വാടകയ്ക്കെടുക്കാനുള്ള തീരുമാനവുമായി സർക്കാർ. ടെണ്ടർ ലഭിച്ച ചിപ്സണ്‍ ഏവിയേഷനുമായുള്ള തർക്കം തീർന്നതിനാൽ അടുത്തയാഴ്ച അന്തിമ കരാർ ഒപ്പുവയ്ക്കും. മൂന്നു വർഷത്തേക്കാണ് കരാർ.
അതേസമയം, ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ധൂര്‍ത്തെന്ന് പ്രതിപക്ഷ നേതാവ് വിമർശിച്ചു. ചെലവ് ചുരുക്കാന്‍ അടിക്കടി ഉപദേശിക്കുന്നയാളാണ് മുഖ്യമന്ത്രിയെന്നും പറയുന്നതില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ നീക്കത്തില്‍ നിന്ന് പിന്മാറണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു.
സര്‍ക്കാരിന് ദൈനംദിന ചെലവുകള്‍ക്കുള്ള പണം പോലും കണ്ടെത്താനാവുന്നില്ല. ഈ സാഹചര്യത്തിലും മാസം 80 ലക്ഷം രൂപ ചെലവില്‍ മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കുകയാണ്. അഞ്ച് ലക്ഷം രൂപയുടെ ചെക്കുകള്‍ പോലും ട്രഷറിയില്‍ മാറ്റാനാകാത്ത അവസ്ഥയാണ്. അപ്പോഴാണ് മുഖ്യമന്ത്രിക്ക് 20 മണിക്കൂര്‍ പറക്കാന്‍ 80 ലക്ഷം മുടക്കി ഹെലികോപ്റ്റര്‍ കൊണ്ടുവരുന്നതെന്നും വിഡി സതീശൻ ആരോപിച്ചു.
ഒന്നാം പിണറായി സർക്കാർ പവൻഹാൻസ് കമ്പനിയിൽ നിന്ന് 22 കോടിക്ക് ഹെലികോപ്റ്റർ വാടക്കെടുത്തിരുന്നു. എന്നാൽ സംസ്ഥാനത്തിന് ഒരു ഉപയോഗവും ഉണ്ടായിരുന്നില്ല എന്ന് ആരോപണം ഉയരുകയും വിഷയം വലിയ ചര്‍ച്ചയാകുകയും ചെയ്തിരുന്നു.
വീണ്ടും ഹെലികോപ്റ്റർ വാടക്കെടുക്കുന്നതിനെതിരെ കടുത്ത വിമർശനങ്ങള്‍ ഉയർന്നിരുന്നെങ്കിലും മാർച്ച് രണ്ടിന് ചിപ്സണ്‍ ഏവിയേഷനുമായി പുതിയ കരാറുണ്ടാക്കാൻ മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു.