Thursday, December 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsആലുവയിൽ അ‍ഞ്ചുവയസ്സുകാരി പീഡിപ്പിച്ചു കൊലപ്പെടുത്തിയതു പഴച്ചാറിൽ മദ്യം കലർത്തി കുടിപ്പിച്ച ശേഷമാണെന്നു കുറ്റപത്രം

ആലുവയിൽ അ‍ഞ്ചുവയസ്സുകാരി പീഡിപ്പിച്ചു കൊലപ്പെടുത്തിയതു പഴച്ചാറിൽ മദ്യം കലർത്തി കുടിപ്പിച്ച ശേഷമാണെന്നു കുറ്റപത്രം

കൊച്ചി: ആലുവയിൽ അ‍ഞ്ചുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയതു പഴച്ചാറിൽ കൂടിയ അളവിൽ മദ്യം കലർത്തി കുട്ടിയെ കുടിപ്പിച്ച ശേഷമാണെന്നു കുറ്റപത്രം. പ്രതിയായ ബിഹാർ സ്വദേശി അസഫാക് ആലത്തിന്റെ പ്രകൃതിവിരുദ്ധ പീഡനത്തിനിടെ ബോധരഹിതയായ കുട്ടി ഉണരുമ്പോൾ വിവരം പുറത്തു പറയുമെന്ന് കരുതിയാണു കുട്ടിയെ കൊലപ്പെടുത്തിയതെന്നും കുറ്റപത്രത്തിൽ പറയുന്നു.

റെക്കോർ‍‍‍‍ഡ് വേഗത്തിലാണു ആലുവ റൂറൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ പ്രോസിക്യൂഷൻ പ്രത്യേക അപേക്ഷ സമർപ്പിച്ചു. കുട്ടിയെ തട്ടിക്കൊണ്ടു പോകൽ, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, കൊലപാതകം തുടങ്ങിയ കുറ്റങ്ങളും പോക്സോ നിയമപ്രകാരമുള്ള കുറ്റങ്ങളും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.

പൊലീസ് സംഘം ബിഹാറിലും ഡൽഹിയിലും അസ്‌ഫാക് ആലത്തെക്കുറിച്ച് അന്വേഷണം നടത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. ഇയാൾ ഡൽഹിയിൽ മറ്റൊരു പോക്സോ കേസിൽ പ്രതിയാണെന്നും അവിടെ ജാമ്യത്തിലിറങ്ങി കേരളത്തിലേക്കു കടന്നതാണെന്നും അന്വേഷണസംഘം കണ്ടെത്തി. പ്രതി സമാന കുറ്റകൃത്യങ്ങൾ തുടർച്ചയായി ചെയ്യുന്നതിനാൽ കസ്റ്റഡിയിലുള്ള പ്രതിയുടെ വിചാരണ വേഗത്തിൽ പൂർത്തിയാക്കി വിധി പറയേണ്ടതു സാമൂഹിക സുരക്ഷയ്ക്ക് ആവശ്യമാണെന്നു ചൂണ്ടിക്കാട്ടിയാണു വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ പ്രോസിക്യൂഷൻ അപേക്ഷ നൽകിയത്.

സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങളുടെ വിചാരണക്കോടതിയായ എറണാകുളം പോക്സോ പ്രത്യേക കോടതിയിലാണ് എസ്പി വിവേക് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം 35 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments