മുഖ്യമന്ത്രി പിണറായി വിജയനെതിരേയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അനുകൂലവുമായുമുള്ള വിധിയെഴുത്താണ് പുതുപ്പള്ളിയില്‍ ഉണ്ടാകാന്‍ പോകുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പുതുപ്പള്ളിയില്‍ മത്സരിക്കുന്നത് ചാണ്ടി ഉമ്മനിലൂടെ ഉമ്മന്‍ ചാണ്ടിയാണെന്നും അദ്ദേഹത്തിന് 13-ാം വിജയം നല്കി മറ്റൊരു റെക്കോർഡ് സ്ഥാപിക്കണമെന്നും കെ സുധാകരന്‍ അഭിപ്രായപ്പെട്ടു.
പിണറായിക്കെതിരേയുള്ള ജനവികാരത്തിന്റെ ആളിക്കത്തലാണ് പുതുപ്പള്ളിയില്‍ കാണാന്‍ കഴിഞ്ഞത്. അദ്ദേഹത്തിനെതിരേ സിപിഎമ്മിനുള്ളില്‍ പുകയുന്ന രോഷത്തിന്റെ അഗ്നിസ്ഫുലിംഗങ്ങളും പുതുപ്പള്ളിയില്‍ കണ്ടു. സര്‍ക്കാരിന്റെ വിലയിരുത്താലാണ് പുതുപ്പള്ളിയില്‍ നടക്കാന്‍ പോകുന്നതെന്ന സിപിഐഎം സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രസ്താവന പിണറായിയെ ലക്ഷ്യമിട്ടാണ്. വികസനത്തിന്റെ പേരും പറഞ്ഞ് ജനങ്ങളുടെ പണം കുടുംബത്തിലേക്കു കൊണ്ടുപോകുന്നതും രാജവാഴ്ചയെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തികളും കണ്ട് ജനങ്ങള്‍ സഹികെട്ടു.
ഹെലികോപ്റ്റര്‍ യാത്രയും അനേകം വാഹനങ്ങളുടെ അകമ്പടിയോടെയുള്ള റോഡ് യാത്രയുമൊക്കെ ജനങ്ങളില്‍ വലിയ അവമതിപ്പുണ്ടാക്കി. കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള ജനങ്ങളെ ഓണക്കാലത്തുപോലും വറുതിയിലാക്കി. സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയെ കുറ്റവിമുക്തനാക്കിയ സിബിഐ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചത് അദ്ദേഹത്തെ വേട്ടയാടിയവര്‍ക്ക് ലഭിച്ച അവസാനത്തെ തിരിച്ചടിയാണ്. ഉമ്മന്‍ ചാണ്ടിക്കെതിരേ ബലാല്‍സംഗക്കേസിന് കേസെടുക്കുമെന്നു പ്രഖ്യാപിക്കുകയും തന്റെ കീഴിലെ ഉത്തരമേഖലാ ഡിജിപിയേയും ദക്ഷിണമേഖലാ ഡിജിപിയേയും ക്രൈംബ്രാഞ്ചിനെയും ഒടുവില്‍ സിബിഐയും നിയോഗിച്ച് ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയ പിണറായി വിജയനോട് പകരംവീട്ടാനുള്ള അവസരമാണ് പുതുപ്പള്ളിയിലുള്ളത്.
ഉളുപ്പ് എന്നൊരു സാധനമുണ്ടായിരുന്നെങ്കില്‍ പിണറായി പുതുപ്പള്ളിയില്‍ കാലുപോലും കുത്തില്ലായിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ മരണശേഷം അദ്ദേഹത്തിന്റെ കുടുംബത്തെയും സിപിഎം വേട്ടയാടി. പെണ്‍മക്കളെപ്പോലും വെറുതെ വിട്ടില്ല. പുതുപ്പള്ളിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം നല്കി ചാണ്ടി ഉമ്മനെ വിജയിപ്പിക്കണമെന്ന് കെ സുധാകരന്‍ അഭ്യര്‍ത്ഥിച്ചു.