ബെംഗളൂരു: രാവിലെ എട്ട് മണിയോടെ വിക്രം ലാന്‍ഡര്‍ സ്ലീപ്പിങ് മോഡിലായെന്ന് ഐഎസ്ആര്‍ഒ. ഒരു ചാന്ദ്രദിവസം അവസാനിച്ചതിന് പിന്നാലെ സൂര്യപ്രകാശം മാറി ഇരുട്ട് പരന്നതിനാലാണ് ലാന്‍ഡര്‍ പ്രവര്‍ത്തനം നിലച്ച് ദീര്‍ഘനിദ്രയിലേക്ക് പോയത്. ഈ മാസം 22ന് വീണ്ടും ഇവ പ്രവര്‍ത്തിച്ചു തുടങ്ങുമെന്നാണ് പ്രതീക്ഷ. ശിവശക്തി പോയിന്റില്‍ നിന്ന് 40 സെന്റിമീറ്റര്‍ അകലെ നിന്നാണ് ലാന്‍ഡര്‍ നിദ്രയിലേക്ക് പോയത്.
ലാന്‍ഡറിലെ രംഭ, ചേസ്റ്റ്, ഇല്‍സ എന്നീ ഉപകരണങ്ങളും റോവറിലെ രണ്ട് സ്‌പെക്ട്രോ സ്‌കോപ്പുകളുമാണ് പ്രവര്‍ത്തനരഹിതമാകുക. ലാന്‍ഡറില്‍ ഉപയോഗിച്ച നാസയുടെ ലേസര്‍ റിട്രോ റിഫ്‌ളക്ടര്‍ അരേ എന്ന ഉപകരണം മാത്രമാകും പ്രവര്‍ത്തിക്കുക. ലാന്‍ഡറിന്റെ സ്ഥാനം കണ്ടെത്താനാണ് ഇത് സഹായിക്കുക.
കൊടും തണുപ്പിനെ അതിജീവിക്കാന്‍ യന്ത്രങ്ങള്‍ക്ക് കഴിയില്ലെന്ന കണക്കുകൂട്ടലില്‍ പേലോഡുകള്‍ ഉപയോഗിച്ചുള്ള പഠനങ്ങളൊക്കെ ഐഎസ്ആര്‍ഒ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു.
വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങിയാല്‍ കണക്കുകൂട്ടിയതിലും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാവും. പേലോഡുകളില്‍ നിന്നും ഇതുവരെ ലഭിച്ച വിവരങ്ങള്‍ ശാസ്ത്രജ്ഞര്‍ വിശകലനം ചെയ്യുകയാണ്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തെപ്പറ്റിയുള്ള കണ്ടെത്തലുകള്‍ നിര്‍ണായകമാണെന്നാണ് വിലയിരുത്തല്‍ . സള്‍ഫര്‍ ഉള്‍പ്പെടെയുള്ള മൂലകങ്ങളുടെ സാന്നിധ്യം, ചന്ദ്രോപരിതലത്തിന്റെ രാസഘടന, ചന്ദ്രനിലെ പ്രകമ്പനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള കണ്ടെത്തലുകള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടിരുന്നു.
നിദ്രയിലേക്ക് പോകുന്നതിന് മുമ്പ് ലാന്‍ഡറിനെ ചന്ദ്രോപരിതലത്തില്‍ വീണ്ടും സോഫ്റ്റ് ലാന്‍ഡ് ചെയ്യിപ്പിച്ചിരുന്നു. ‘ഹോപ്പ്’ പരീക്ഷണത്തിന്റെ ഭാഗമായി ആയിരുന്നു ലാന്‍ഡറിനെ ഐഎസ്ആര്‍ഒ വീണ്ടും ലാന്‍ഡ് ചെയ്യിപ്പിച്ചത്. 40 സെന്റീമീറ്റര്‍ ഉയര്‍ത്തിയ ശേഷമായിരുന്നു 30- 40 സെന്റീമീറ്റര്‍ മാറി വീണ്ടും ലാന്‍ഡ് ചെയ്തത്. ലാന്‍ഡറിനെ വീണ്ടും ഉപരിതലത്തില്‍ നിന്ന് ഉയര്‍ത്താനാകുന്നത് മനുഷ്യരുള്‍പ്പെട്ട യാത്രയില്‍ നിര്‍ണായകമാണെന്ന് ഐഎസ്ആര്‍ഒ പറഞ്ഞു. പേടകം മികച്ച നിലയില്‍ പ്രവര്‍ത്തിച്ചെന്നും ഐഎസ്ആര്‍ഒ അറിയിച്ചിരുന്നു.