പറവൂര്‍: എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറി പി വി ലാജു രാജിവെച്ച് സിപിഐയിലേക്ക്. പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായുള്ള അഭിപ്രായ വ്യത്യാസമാണ് പാര്‍ട്ടി വിടാന്‍ കാരണമെന്ന് ലാജു പറഞ്ഞു. കോണ്‍ഗ്രസിന് മേല്‍ക്കൈയുള്ള പുത്തന്‍വേലിക്കര പഞ്ചായത്തില്‍ രണ്ട് തവണ പ്രസിഡന്റായിരുന്നു ലാജു.
നിലവില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന തുരുത്തിപ്പുറം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റാണ് ഇദ്ദേഹം. ഒരു സീറ്റിന്റെ വ്യത്യാസത്തില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ബാങ്ക് ലാജുവിന്റെ മാറ്റത്തോടെ പാര്‍ട്ടിക്ക് നഷ്ടപ്പെട്ടേക്കും. വര്‍ഷങ്ങളായി വി ഡി സതീശന്‍ തന്നെ വേട്ടയാടുകയാണെന്ന് ലാജു പറഞ്ഞു.
2015 ല്‍ പഞ്ചായത്ത് ഭരണം പിടിച്ചപ്പോള്‍ തന്നെ പ്രസിഡന്റാക്കാതിരിക്കാന്‍ ചരടുവലിച്ചു. ഇടക്കാലത്ത് അവിശ്വാസം വന്നപ്പോള്‍ അവിശ്വാസ ചര്‍ച്ചയില്‍ നിന്നും വിട്ടു നില്‍ക്കണമെന്ന വിപ്പ് പാര്‍ട്ടി അംഗങ്ങള്‍ക്ക് നല്‍കാന്‍ വിസമ്മതിച്ചു. ഡിസിസിയിലെ മുതിര്‍ന്ന ജനറല്‍ സെക്രട്ടറിയായിരുന്നിട്ട് പോലും കുറേക്കാലമായി പാര്‍ട്ടിയുടെ ഒരുപരിപാടിയിലും പങ്കെടുപ്പിക്കാതെ മാറ്റിനിര്‍ത്തുകയാണെന്നും ലാജു ആരോപിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനില്‍ നിന്നാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്