ഷാരൂഖ് ഖാൻ നായകനായ ചിത്രം ജവാൻ സെപ്തംബര് ഏഴിന് റിലീസ് ചെയ്തു. ആദ്യ ദിനം പിന്നിട്ടപ്പോൾ ചിത്രം ഇന്ത്യൻ ബോക്സോഫീസിൽ വലിയ നേട്ടമാണ് കൊയ്തിരിക്കുന്നത്. ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൾ പ്രകാരം ജവാൻ 75 കോടിയ്ക്ക് മുകളിലാണ് കളക്ഷൻ ലഭിച്ചത്. അറ്റ്ലി സംവിധാനം ചെയ്ത സിനിമ ആഗോള തലത്തിൽ 150 കോടിയ്ക്ക് മുകളിൽ വാരികൂട്ടിയെന്നാണ് സൂചന. ഇതോടെ ഏറ്റവും വലിയ ആദ്യ ദിന കളക്ഷൻ നേടുന്ന ബോളിവുഡ് ചിത്രമെന്ന റെക്കോർഡ് ജവാന് സ്വന്തമായിരിക്കുകയാണ്.
വിവിധ ഭാഷകളിൽ റിലീസ് ചെയ്ത സിനിമയുടെ ഹിന്ദി പതിപ്പിന് 58.67 ശതമാനമാണ് ഒക്ക്യുപ്പന്‍സി. ചെന്നൈയിൽ ഹിന്ദി പതിപ്പിന്റെ ഒക്ക്യുപ്പന്‍സി 81 ശതമാനമായിരുന്നു. ഏറ്റവും കുറവ് ഒക്ക്യുപ്പന്‍സി സൂറത്തിലായിരുന്നു. 44.50 ശതമാനം മാത്രമായിരുന്നു ഇവിടുത്തെ ഒക്ക്യുപ്പന്‍സി. ജവാന്റെ തമിഴ് പതിപ്പിന് 55 .80 ശതമാനവും തെലുങ്ക് പതിപ്പിന് 76.06 ശതമാനവുമാണ് ഒക്ക്യുപ്പന്‍സി.സിനിമയുടെ ഹിന്ദി പതിപ്പ് രാജ്യത്ത് നിന്നും 65 കോടിയ്ക്ക് മുകളിൽ നേടിയപ്പോൾ തമിഴ്, തെലുങ്ക് പതിപ്പുകൾ ചേർന്ന് 10 കോടിയിലധികം രൂപ സ്വന്തമാക്കിയെന്നാണ് സൂചന.രാജ്യത്തിന് വെളിയിലും സിനിമയ്ക്ക് മികച്ച ബോക്സോഫീസ് കളക്ഷനുണ്ട്.
ഓസ്ട്രേലിയയിൽ നിന്ന് ഏകദേശം നാല് ലക്ഷം ഓസ്‌ട്രേലിയൻ ഡോളറാണ് സിനിമയുടെ നേട്ടം. ഇതോടെ ഓസ്‌ട്രേലിയൻ ബോക്സോഫീസിലും ജവാൻ ഒന്നാമനായിരിക്കുകയാണ്. ന്യൂസിലാൻഡിലും ജവാൻ കളക്ഷനിൽ ഒന്നാമനാണ്. ഏകദേശം 40 ലക്ഷം രൂപയോളമാണ് സിനിമയുടെ ന്യൂസിലൻഡിലെ കളക്ഷൻ. ജര്മനിയിൽ 1.30 കോടിയുമായി മൂന്നാം സ്ഥാനത്താണ് ചിത്രം. നോർത്ത് അമേരിക്ക, യുകെ, കാനഡ എന്നിവിടങ്ങളിലും സിനിമയ്ക്ക് മികച്ച കളക്ഷനുണ്ട്.
വിക്രം റാത്തോഡ് എന്ന സൈനികനായും ആസാദ് എന്ന മകനായും ഡബിൾ റോളിലാണ് ഷാരൂഖ് അഭിനയിക്കുന്നത്. ആസാദിന്റെ പ്രണയിനിയായി നയൻതാര എത്തുമ്പോൾ സീനിയർ എസ്ആർകെയുടെ ജോഡിയായി ദീപികയും വന്നു പോവുന്നു. പ്രതിനായക വേഷമാണ് വിജയ് സേതുപതിക്ക്.