തിരുവനന്തപുരം: സോളാർ കേസിൽ പരാതിക്കാരിയുടെ കത്തിൽ ഉമ്മൻചാണ്ടിയുടെ പേര് എഴുതിച്ചേർത്തെന്ന ആരോപണങ്ങൾക്ക് മറുപടിയുമായി കെബി ഗണേഷ് കുമാർ. ആരോപണം ഉന്നയിക്കുന്നവർ താൻ സിബിഐയ്ക്ക് കൊടുത്ത മൊഴി കൂടി കാണണം. സിബിഐ ഉമ്മൻചാണ്ടിയെ കുറിച്ചും ഹൈബി ഈഡനെ കുറിച്ചും അന്വേഷിച്ചു. ആരോപണങ്ങൾ സംബന്ധിച്ച് തനിക്ക് അറിയില്ലെന്ന മറുപടിയാണ് നൽകിയത്.
പരാതിക്കാരിയുടെ കത്ത് താൻ കണ്ടിട്ടില്ല. കത്ത് കണ്ട പിതാവ് ആർ ബാലകൃഷ്ണപിള്ള ഉമ്മൻ ചാണ്ടിയുടെ പേര് കത്തിൽ ഇല്ലെന്നു പറഞ്ഞിരുന്നു. ഗണേഷ് കുമാറിനെ ഒന്നും കാണിച്ച് പേടിക്കേണ്ട. രക്ഷിക്കണമെന്ന് വിളിച്ച് അപേക്ഷിച്ച ആളുകൾ ഇപ്പോഴും സഭയിൽ ഉണ്ട്. തത്കാലം പേര് പറയുന്നില്ലെന്നും നിർബന്ധിച്ചാൽ പറയാമെന്നും കെബി ഗണേഷ് കുമാർ പറഞ്ഞു.
സോളാര്‍ ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് ഉമ്മന്‍ ചാണ്ടിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന സിബിഐ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ നടന്ന അടിയന്തര പ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ഗണേഷ് കുമാര്‍. താൻ കപടസദാചാരത്തിൽ വിശ്വസിക്കുന്നില്ല. സത്യമാണ് തന്‍റെ ദൈവം. ഉമ്മന്‍ചാണ്ടിയുമായി രാഷ്ട്രീയമായ എതിര്‍പ്പുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. എന്നാൽ അദ്ദേഹത്തോട് തനിക്ക് വ്യക്തിവിരോധമില്ല. അതിനാൽ, മുഖത്തു നോക്കി പറയുകയും മുഖത്തു നോക്കി ചെയ്യുകയും ചെയ്യും.
സോളാർ കേസിൽ പരാതിക്കാരിയുടെ കത്തിൽ ഉമ്മൻചാണ്ടിക്കെതിരെ ലൈംഗികപീഡന പരാതി എഴുതിച്ചേർത്തതാണെന്ന ശരണ്യ മനോജിന്റെ ആരോപണത്തേയും ഗണേഷ് കുമാർ തള്ളി. 2013 ൽ കേരള കോൺഗ്രസ് ബി എൽഡിഎഫിൽ പോയപ്പോൾ, പാര്‍ട്ടി വിട്ട് പുറത്തുപോയ ആളാണ് മനോജ് കുമാര്‍. അദ്ദേഹം കോൺഗ്രസുകാരനും തന്റെ ബന്ധുവുമാണ്. രാഷ്ട്രീയമായി തനിക്ക് എതിരുമാണെന്നും ഗണേഷ് കുമാർ പറഞ്ഞു.
ഉമ്മന്‍ചാണ്ടി സാറിന്റെ കുടുംബം നന്ദിയോടെ ഓര്‍ക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനെയാണെന്നും ഗണേഷ് കുമാർ പറഞ്ഞു. മരിച്ചുപോയ അദ്ദേഹത്തിന്റെ ആത്മാവിന് ഈ അന്വേഷണത്തിലൂടെ ഒരു ശുദ്ധിനല്‍കാന്‍ കഴിഞ്ഞല്ലോയെന്നും പ്രമേയത്തിലേക്ക് തന്റെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കുകയായിരുന്നെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.