കേരളത്തില്‍ നിപ വൈറസ് സ്ഥിരീകരിച്ചതോടെ അതിര്‍ത്തില്‍ പരിശോധന കര്‍ശനമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് തമിഴ്‌നാട്. കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് പനി പരിശോധന നടത്തുമെന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്‌മണ്യന്‍ പറഞ്ഞു. തമിഴ്‌നാട്ടില്‍ നിപ ഭീഷണി ഇല്ലെങ്കിലും അതിര്‍ത്തി പ്രദേശങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്ന് മന്ത്രി പറഞ്ഞു.
കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളായ നീലഗിരി, കോയമ്പത്തൂര്‍, തിരുപ്പൂര്‍, കന്യാകുമാരി, തെങ്കാശി എന്നിവിടങ്ങളില്‍ നിരീക്ഷണം നടത്തുന്നുണ്ടെന്നും കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു. പനി ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ചികിത്സയ്ക്കാവശ്യമായ സൗകര്യങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
ബുധനാഴ്ച രാവിലെ കന്യാകുമാരിയില്‍ കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് പനി പരിശോധന നടത്താന്‍ ആംരഭിച്ചിരുന്നു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന ഉദ്യോഗസ്ഥര്‍, പോലീസ് എന്നിവരടങ്ങുന്ന സംഘത്തെയാണ് പരിശോധനകള്‍ക്കായി നിയോഗിച്ചിരിക്കുന്നത്.