തെരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ഗോയൽ രാജിവച്ചു. പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജി. രാജി രാഷ്ട്രപതി അംഗീകരിച്ചു. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് അരുൺ ഗോയൽ രാജിവച്ചതെന്നാണ് ഉന്നത ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം. രാജിയിൽ നിന്ന് പിന്മാറണണെന്ന് സർക്കാർ അഭ്യർത്ഥിച്ചുവെങ്കിലും അരുൺ ഗോയൽ രാജി സമർപ്പിക്കുകയായിരുന്നു.
കമ്മിഷനിലെ മറ്റൊരു അംഗം അനുപ് പാണ്ഡെയുടെ കാലാവധി അവസാനിച്ചിരുന്നു. കാലാവധി അവസാനിച്ച അനുപ് പാണ്ഡെയ്ക്ക് പകരം അംഗത്തെ നിയമിച്ചിട്ടില്ല.1985 ലെ ഐഎഎസ് ബാച്ചാണ് അരുൺ ഗോയൽ. 2022 നവംബർ 18 ന് വോളന്ററി റിട്ടയർമെന്റ് എടുത്ത ഗോയലിനെ പിന്നീട് തെരഞ്ഞെടുപ്പ് കമ്മീഷ്ണറായി നിയോഗിക്കുകയായിരുന്നു.ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ തെരഞ്ഞെടുപ്പ് കമ്മീഷ്ണർ അരുൺ ഗോയലിന്റെ രാജി ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ ആരോഗ്യത്തിൽ ആശങ്കയുണ്ടാക്കുന്നുവെന്ന് കെ.സി വേണുഗോപാൽ എക്‌സിൽ കുറിച്ചു.