ആസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍നിന്ന് തഴഞ്ഞതിനു പിന്നാലെ നിരാശ പങ്കുവെച്ച് മലയാളി താരം സഞ്ജു സാംസൺ. ‘ഇത് ഇങ്ങനെയൊക്കെ തന്നെയാണ്, ഞാൻ മുന്നോട്ടുപോകുക തന്നെ ചെയ്യും’ എന്നാണ് താരം സമൂഹമാധ്യമ അക്കൗണ്ടുകളിൽ കുറിച്ചിരിക്കുന്നത്.ഇന്ത്യൻ ടീമിന്‍റെ ജഴ്സിയിൽ ബാറ്റു ചെയ്യുന്ന ചിത്രവും ചിരിക്കുന്ന സ്മൈലിയും ഇതോടൊപ്പം പങ്കുവെച്ചിട്ടുണ്ട്. നിരവധി ആരാധകരാണ് ഇതിനു താഴെ താരത്തിന് പിന്തുണയുമായി എത്തിയത്. നിങ്ങള്‍ ലക്ഷക്കണക്കിനാളുകളുടെ ഹൃദയത്തില്‍ ഇടം നേടിയിട്ടുണ്ടെന്നും മുന്നോട്ട് തന്നെ പോകുകയെന്നും ഒരു ആരാധകൻ പ്രതികരിച്ചു. നിങ്ങള്‍ യഥാര്‍ഥ ചാമ്പ്യനാണെന്നും നിങ്ങളുടെ സമയം വരുമെന്നും കഴിഞ്ഞ കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചിരിക്കാതെ മുന്നോട്ടുപോകുകയെന്നും പലരും കുറിച്ചു.
നേരത്തെ, ഒരു ചിരി ഇമോജി മാത്രം താരം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ലോകകപ്പിന് മുമ്പ് മികവ് പ്രകടിപ്പിക്കാനുള്ള അവസരമാണ് സഞ്ജുവിന് നഷ്ടമായത്. ആസ്ട്രേലിയക്കെതിരായ ആദ്യ രണ്ട് മത്സരങ്ങളിൽ കെ.എൽ. രാഹുലാണ് ടീമിനെ നയിക്കുന്നത്. രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ് എന്നിവർക്ക് വിശ്രമം നൽകി. തിലക് വർമയെ ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള ടീമിൽ ഉൾപ്പെടുത്തി. ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ നയിക്കുന്ന ഋതുരാജ് ഗെയ്‌ക്‌വാദും ഇടം നേടിയിട്ടുണ്ട്.മുതിർന്ന താരങ്ങൾക്ക് വിശ്രമം നൽകുകയും പുതുമുഖങ്ങളെ വരെ ഉൾപ്പെടുത്തുകയും ചെയ്ത ടീമിൽ സഞ്ജുവില്ലാത്തത് എന്താണെന്ന ചോദ്യമാണ് ആരാധകർ ഉയർത്തുന്നത്. സെപ്റ്റംബർ 22ന് മൊഹാലിയിലും 24ന് ഇന്‍ഡോറിലും 27ന് രാജ്കോട്ടിലുമാണ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര. ആസ്ട്രേലിയയാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ എതിരാളികള്‍. ഒക്ടോബര്‍ എട്ടിന് ചെന്നൈയിലാണ് മത്സരം.