തിരുവനന്തപുരം: വാർത്താസമ്മേളനത്തിനിടെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ പി സി സി പ്രസിഡന്റ് കെ സുധാകരനും തമ്മിൽ നടന്ന തർക്കത്തിൽ പ്രതികരിച്ച് കെ മുരളീധരൻ എം പി. പക്വതക്കുറവുള്ളത് തനിക്ക് മാത്രമാണെന്നാണ് കരുതിയതെന്ന് മുരളീധരൻ പറഞ്ഞു. മൈക്ക് പിടിവലി സംബന്ധിച്ച് മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പക്വതക്കുറവിപ്പോൾ കാര്യമായിട്ട് എനിക്ക് മാത്രമേയുള്ളൂവെന്നാണ് ഞാൻ വിചാരിച്ചത്. എല്ലാവരും പറഞ്ഞത് എനിക്ക് പക്വതക്കുറവ് ഉണ്ടെന്നാണല്ലോ? ആരുടെയും പക്വത ഞാൻ അളക്കാറില്ല. ഒറ്റപ്പെട്ട സംഭവമാണിത്. ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകളിലേക്കില്ല. പ്രതിപക്ഷ നേതാവും കെ പി സി സി അദ്ധ്യക്ഷനും ഒരുമിച്ച് വാർത്താസമ്മേളനം നടത്തുമ്പോൾ ആദ്യം ആര് സംസാരിക്കണമെന്ന് പ്രോട്ടോക്കോളില്ല.പാർട്ടിയുടെ വാർത്താസമ്മേളനം ആണെങ്കിൽ കെ പി സി സി പ്രസിഡന്റ് സംസാരിക്കും. യു ഡി എഫിന്റെയാണെങ്കിൽ യു ഡി എഫ് ചെയർമാനും സംസാരിക്കുന്ന സംവിധാനമാണ് സാധാരണയുള്ളത്. എന്നാൽ പുതുപ്പള്ളിയിലെ വാർത്താസമ്മേളനം ഏതാണെന്ന് ഞാൻ ശ്രദ്ധിച്ചില്ല. അതിൽ ഘടകകക്ഷികളെയും കണ്ടു’- കെ മുരളീധരൻ പറഞ്ഞു.
ഈ മാസം എട്ടിന് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ ചാണ്ടി ഉമ്മന്റെ വിജയത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു കെ പി സി സി പ്രസിഡന്റും പ്രതിപക്ഷ നേതാവും തമ്മിൽ മൈക്കിനായി പിടിവലി നടന്നത്. വാർത്താസമ്മേളനം ആരാദ്യം തുടങ്ങുമെന്നതായിരുന്നു തർക്ക വിഷയം. വി ഡി സതീശനാണ് ആദ്യമെത്തിയത്. ഈ സമയം, സതീശന്റെ മുന്നിലായിരുന്നു മാദ്ധ്യമങ്ങളുടെ മൈക്കുകൾ. പിന്നീട് സുധാകരൻ എത്തിയപ്പോൾ സതീശൻ നീങ്ങി അപ്പുറത്തിരുന്നെങ്കിലും മൈക്കുകൾ തന്റെയടുത്തേക്ക് നീക്കി. ഇത് സുധാകരന് ഇഷ്ടമായില്ല.വാർത്താസമ്മേളനം താൻ തുടങ്ങുമെന്ന് സതീശൻ പറഞ്ഞപ്പോൾ, സുധാകരൻ സമ്മതിച്ചില്ല. കെ പി സി സി പ്രസിഡന്റെന്ന നിലയിൽ വാർത്താ സമ്മേളനം താൻ തുടങ്ങുമെന്നും പിന്നീട് നിങ്ങൾ പറഞ്ഞാൽ മതിയെന്നും എല്ലാവരും കേൾക്കെ സുധാകരൻ സതീശനോട് പറഞ്ഞു. തുടർന്ന് സതീശൻ മുന്നിലുള്ള മൈക്ക് സുധാകരന് നേരെ നീക്കിവച്ചു.
പ്രവർത്തകർ നൽകിയ പൊന്നാട സ്വീകരിക്കാനും സതീശൻ തയ്യാറായില്ല. വാർത്താസമ്മേളനത്തിന്റെ അവസാനം മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിൽ നിന്ന് സതീശൻ ഒഴിഞ്ഞുമാറി. എല്ലാം പ്രസിഡന്റ് പറഞ്ഞിട്ടുണ്ടെന്നും തനിക്കൊന്നും പറയാനില്ലെന്നും വ്യക്തമാക്കി. ആവർത്തിച്ചുള്ള ചോദ്യത്തിൽ നിന്ന് സതീശൻ നീരസത്തോടെ ഒഴിയുകയാണ് ചെയ്തത്.