ന്യൂഡൽഹി: തെലങ്കാന, മദ്ധ്യപ്രദേശ്, ഛത്തീസ്‌ഗഢ്, രാജസ്ഥാൻ എന്നീവിടങ്ങളിൽ നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് വിജയിക്കുമെന്ന് രാഹുൽ ഗാന്ധി. കൂടാതെ 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി അത്ഭുതപ്പെടുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഈ വർഷമാദ്യം കർണാടകയിൽ കോൺഗ്രസ് അധികാരത്തിൽ വന്നപ്പോൾ വളരെ പ്രധാനപ്പെട്ട ഒരു പാഠം മനസിലായെന്നും അതിൽ നിന്ന് കുറച്ച കാര്യങ്ങൾ ഉൾക്കൊണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അസമിലെ പ്രതിദിൻ മീഡിയ കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുൽ.
ഇപ്പോൾ ഞങ്ങൾ ഒരു പക്ഷേ തെലങ്കാനയിൽ വിജയിക്കുകയാണെങ്കിൽ തീർച്ചയായും മദ്ധ്യപ്രദേശിലും ഛത്തീസ്ഗഢിലും രാജസ്ഥാനിലും വിജയിക്കാൻ കഴിയും. ബിജെപി പാർട്ടിയ്ക്ക് ഉള്ളിൽ പറയുന്നതും അതാണ്’- രാഹുൽ ഗാന്ധി പറഞ്ഞു. കൂടാതെ രമേശ് ബിദുരിയുടെ വിവാദം ജാതി സെൻസസ് ആവശ്യത്തില്‍ നിന്ന് ശ്രദ്ധ മാറ്റാനുള്ള ബിജെപി ശ്രമമാണെന്നും രാഹുൽ ഗാന്ധി വിശദീകരിച്ചു. ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ എന്ന ആശയം ജനങ്ങളെ അവരുടെ യഥാർത്ഥ പ്രശ്‌നങ്ങളിൽ നിന്ന് വ്യതിചലിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് രാഹുൽ പറഞ്ഞു.
അസമത്വം, തൊഴിലില്ലായ്മ, താഴ്ന്ന ജാതിക്കാർ, ഒബിസി, ഗോത്രവർഗ വിഭാഗങ്ങൾ എന്നിവരോടുള്ള വലിയ അനീതി, വിലക്കയറ്റം എന്നിവയാണ് രാജ്യം നേരിടുന്ന പ്രധാന പ്രശ്നങ്ങൾ. എന്നാൽ ഇതിൽ നിന്ന് എല്ലാം ശ്രദ്ധ തിരിക്കാൻ തിരഞ്ഞെടുപ്പ്, പേര് മാറ്റം പോലുള്ള വിവാദ വിഷയങ്ങൾ ബി ജെ പി എടുത്തിടുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ എന്ന പ്രതിപക്ഷ കൂട്ടായ്മ ഒരു പാർട്ടിയ്‌ക്കെതിരെയല്ല, ഇന്ത്യ എന്ന രാജ്യത്തെ സംരക്ഷിക്കാനാണ് പോരാടുന്നത്. അതിനാലാണ് ആ പേര് നൽകിയതെന്നും രാഹുൽ കൂട്ടിച്ചേർത്തു.