ഭോപ്പാല്‍: മധ്യപ്രദേശിലെ ജാബുവ ജില്ലയില്‍ 7500 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് തറക്കല്ലിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്‌സഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കവേയാണ് മോദി മധ്യപ്രദേശിലെത്തിയത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി ഒറ്റക്ക് 370 സീറ്റുകള്‍ നേടുമെന്ന് മോദി ചടങ്ങില്‍ പ്രഖ്യാപിച്ചു. ആദിവാസി സമൂഹത്തെ താനും തന്റെ പാര്‍ട്ടിയും വോട്ട് ബാങ്കായല്ല, രാജ്യത്തിന്റെ അഭിമാനമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘തന്റെ സംസ്ഥാന സന്ദര്‍ശനത്തെ കുറിച്ച് പല ചര്‍ച്ചകളാണ് നടക്കുന്നത്. ചിലര്‍ പറയുന്നത് ജാബുവയില്‍ നിന്ന് മോദി തിരഞ്ഞെടുപ്പ് പ്രചരണം ആരിഭിക്കുന്നുവെന്നാണ്. എന്നാല്‍ താനിവിടെയെത്തിയത് തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിക്കാനല്ല. ജനങ്ങളെ സേവിക്കാനാണ് ഇവിടെയെത്തിയത്.’, മോദി പറഞ്ഞു.
മധ്യപ്രദേശിലെ ആദിവാസി മേഖലകളിലേക്കുള്ള മോദിയുടെ വരവ് വളരെ പ്രധാനമാണ്. ആദിവാസി വിഭാഗങ്ങള്‍ക്ക് വലിയ സ്വാധീനമുള്ള ആറ് ലോക്‌സഭ മണ്ഡലങ്ങളാണ് സംസ്ഥാനത്തുള്ളത്. സംസ്ഥാനത്തെ മുഴുവന്‍ സീറ്റുകളിലും വിജയിക്കാനാവുമെന്നാണ് ബിജെപി പ്രതീക്ഷീക്കുന്നത്.