ഗാന്ധി ജയന്തി ആഘോഷത്തിന്‍റെ ഭാഗമായി രാജ്യമെമ്പാടും നടക്കുന്ന ശുചീകരണ യജ്ഞത്തില്‍ പങ്കാളിയായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഫിറ്റ്നസ് ഇന്‍ഫ്ലുവന്‍സര്‍ അങ്കിത് ബയന്‍പൂരിയക്കൊപ്പമാണ് മോദി ശുചീകരണത്തിന് ഇറങ്ങിയത്. ചൂലെടുത്ത് ചപ്പുചവറുകള്‍ നീക്കം ചെയ്യുന്ന പ്രധാനമന്ത്രി അങ്കിതിനോട് അദ്ദേഹത്തിന്‍റെ ഫിറ്റ്നസ് നിലനിര്‍ത്താന്‍ ചെയ്യുന്ന കാര്യങ്ങളെ കുറിച്ചും ചോദിച്ചറിഞ്ഞു.
രാജ്യം ശുചിത്വത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ അങ്കിത് ബയന്‍പുരിയയ്‌ക്കൊപ്പം ശുചിത്വമിഷന്റെ ഭാഗമാകുകയാണെന്നും വൃത്തിയ്‌ക്കൊപ്പം ഫിറ്റ്‌നസും ആരോഗ്യവും ചര്‍ച്ചാവിഷയമായെന്നും ശുചിത്വമുള്ളതും ആരോഗ്യകരവുമായ ഭാരതമാണ് ലക്ഷ്യമെന്നും മോദി എക്സില്‍ കുറിച്ചു.
ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് രാജ്യമൊട്ടാകെ നടത്തുന്ന ശുചീകരണ യജ്ഞത്തില്‍ എല്ലാവരും പങ്കെടുക്കണമെന്ന് മോദി ആഹ്വാനം ചെയ്തിരുന്നു. പഞ്ചായത്തുകൾ, നഗരസഭകൾ, സര്‍ക്കാര്‍ സ്ഥാപനങ്ങൾ എന്നിവ ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് ശുചീകരണ യജ്ഞം സംഘടിപ്പിക്കുന്നുണ്ട്.അഹമ്മദാബാദിൽ ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു ‘സ്വച്ഛത കി സേവ’ പരിപാടിയുടെ ഭാഗമായാണ് അമിത് ഷായും മറ്റു മന്ത്രിമാരും തെരുവ് വൃത്തിയാക്കാനിറങ്ങിയത്. സീതപുരിൽ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ശുചീകണപ്രവർത്തിയിൽ പങ്കെടുത്തു.
2014 ഒക്ടോബര്‍ 2നാണ് സ്വച്ഛ് ഭാരത് മിഷന്‍ ആരംഭിച്ചത്. സമ്പൂര്‍ണ്ണ വെളിയിട വിസര്‍ജ്ജന നിര്‍മ്മാര്‍ജ്ജനമായിരുന്നു അന്ന് ലക്ഷ്യമിട്ടിരുന്നത്. അതിലൂടെ ജനങ്ങളുടെ ശുചിത്വം ഉറപ്പാക്കുകയെന്നതായിരുന്നു പ്രഥമ സ്വച്ഛ് ഭാരത് മിഷന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.2021 ഒക്ടോബര്‍ ഒന്നിനാണ് സ്വച്ഛ് ഭാരത് മിഷന്‍ അര്‍ബണ്‍ 2.0 എന്ന പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. രാജ്യത്തെ എല്ലാ നഗരങ്ങളും മാലിന്യമുക്തമാക്കുകയെന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം.