മുംബയ്: മറാഠ സാമ്രാജ്യത്തിന്റെ അധിപൻ ഛത്രപതി ശിവജിയുടെ ഐതിഹാസിക ആയുധം വാഘ് നഖ് (ടൈഗർ ക്ളോ) 350 വർഷങ്ങൾക്കുശേഷം ഇന്ത്യയിൽ തിരികെയെത്തുന്നു. ആയുധം നിലവിൽ സൂക്ഷിച്ചിരിക്കുന്ന ലണ്ടനിലെ മ്യൂസിയത്തിൽ നിന്നും നവംബറിലാണ് മഹാരാഷ്‌ട്രയിൽ എത്തിക്കുന്നത്. ഛത്രപതി ശിവജിയുടെ കിരീടധാരണത്തിന്റെ 350ാം വാർഷികത്തിലാണ് അദ്ദേഹത്തിന്റെ ആയുധം തിരികെയെത്തിക്കുന്നത്.
1659ൽ ബിജാപൂർ സുൽത്താന്റെ ജനറലായിരുന്ന അഫ്സൽ ഖാന്റെ വധവുമായി ബന്ധപ്പെട്ടാണ് വാഘ് നഖ് അറിയപ്പെടുന്നത്. ലണ്ടനിലെ വിക്‌ടോറിയ ആന്റ് ആൽബർട്ട് മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന വാഘ് നഖ് മൂന്ന് വർഷത്തെ പ്രദർശനത്തിനായാണ് ഇന്ത്യയിൽ എത്തിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സാംസ്കാരിക മന്ത്രി സുധീർ മുൻഗന്തിവാർ ചൊവ്വാഴ്‌ച ലണ്ടനിലെത്തി കരാറിൽ ഒപ്പുവയ്ക്കും. അഫ്സൽ ഖാനെ വധിച്ച ദിവസത്തിന്റെ വാർഷിക ദിനത്തിലായിരിക്കും ആയുധം തിരികെ എത്തിക്കുകയെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. വാഘ് നഖ് രാജ്യത്തിന് പ്രചോദനവും ഊർജവും നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണ മുംബയിലെ ഛത്രപതി ശിവജി മഹാരാജ് മ്യൂസിയത്തിലായിരിക്കും വാഘ് നഖ് സൂക്ഷിക്കുക
ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്ന ജയിംസ് ഗ്രാന്റ് ഡഫ് ആണ് വാഘ് നഖ് ബ്രിട്ടണിലേയ്ക്ക് കൊണ്ടുപോയത്. പിന്നീട് ഡഫിന്റെ പിൻതലമുറക്കാർ ആയുധം വിക്‌ടോറിയ മ്യൂസിയത്തിന് കൈമാറുകയായിരുന്നു.
പുലി നഖത്തിന് സമാനമായ ആയുധമാണ് വാഘ് നഖ്. ഉരുക്കിലാണ് നിർമിച്ചിരിക്കുന്നത്. കൈയിൽ ധരിച്ചാണ് ശത്രുക്കൾക്ക് നേരെ പ്രയോഗിക്കേണ്ടത്. അതേസമയം, വാഘ് നഖിന്റെ ആധികാരികതയെച്ചൊല്ലി മഹാരാഷ്‌ട്രയിലെ പലയിടങ്ങളിലും സംവാദങ്ങൾ നടക്കുന്നുണ്ട്. ഛത്രപതി ശിവജി വാഘ് നഖ് ഉപയോഗിച്ചിട്ടില്ലെന്നാണ് വിക്‌ടോറിയ ആന്റ് ആൽബർട്ട് മ്യൂസിയത്തിന്റെ വെബ്‌സൈറ്റിൽ പറയുന്നതെന്ന് ചരിത്രവിദഗ്ദ്ധനായ ഇന്ദർജിത്ത് സാവന്ത് ചൂണ്ടിക്കാട്ടുന്നു. ശിവസേന നേതാവ് ആദിത്യ താക്കറെയും ഈ ആയുധത്തിന്റെ ആധികാരികതയെ ചോദ്യം ചെയ്തിരുന്നു.