ലഖ്നൗ: ഹിന്ദു മഹാസഭയുടെ നേതാവായിരുന്ന വിഡി സവർക്കറെ അപകീർത്തിപ്പെടുത്തിയെന്ന ഹർജിയിൽ കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയച്ച് ലഖ്നൗ ജില്ല സെഷൻസ് കോടതി. കഴിഞ്ഞ വർഷം നടന്ന ഭാരത് ജോഡോ യാത്ര മഹാരാഷ്ട്രയിൽ പ്രവേശിച്ചതിന് പിന്നാലെയാണ് രാഹുൽ ഗാന്ധി സവർക്കർക്കെതിരെ പരാമർശം നടത്തിയത്. അഭിഭാഷകനായ നൃപേന്ദ്ര പാണ്ഡെ സമർപ്പിച്ച ക്രിമിനൽ റിവിഷൻ ഹർജിയിൽ ജഡ്ജി അശ്വിനി കുമാർ ത്രിപാഠിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
മാപ്പ് പറയാൻ ഞാൻ സവർക്കറല്ല തുടങ്ങിയ പരാമർശങ്ങളാണ് രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയ്ക്കിടെ നടത്തിയത്. നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് അഡിഷണൽ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയിരുന്നതാണ്. എന്നാൽ ആവശ്യമായ വിവരങ്ങളും തെളിവുകളും നൽകാത്തതിനാൽ കോടതി കേസ് തള്ളി. രാഹുൽ നടത്തിയ പരാമർശത്തിൽ ഇപ്പോൾ വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
നോട്ടീസിൽ രാഹുലിന്റെ അഭിഭാഷക സംഘം മറുപടി നൽകിയേക്കും. സവർക്കർക്കെതിരെ രാഹുൽ പല വേദികളിൽ വച്ചും പരാമർശം നടത്തിയിരുന്നു. സവർക്കർ ബ്രിട്ടീഷുകാരിൽ നിന്ന് പണം വാങ്ങി, മാപ്പ് പറയാൻ താൻ സവർക്കറല്ല തുടങ്ങിയ പരാമർശങ്ങളായിരുന്നു കൂടുതലും. ഈ പരാമർശങ്ങൾ സവർക്കറെ അപമാനിക്കുന്നതാണെന്ന് കുടുംബാംഗങ്ങൾ വ്യക്തമാക്കിയിരുന്നു.മാർച്ചിൽ രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ സവർക്കർക്കെതിരെ പരാമർശം നടത്തിയിരുന്നു. ‘രാജ്യത്ത് ജനാധിപത്യം ആക്രമിക്കപ്പെടുകയാണെന്ന് മുമ്പ് പലതവണ ഞാൻ പറഞ്ഞിട്ടുണ്ട്. അതിന്റെ ഉദാഹരണങ്ങൾ നാം ഓരോ ദിവസവും കണ്ടുകൊണ്ടിരിക്കുന്നു. പ്രധാനമന്ത്രിയും അദാനിയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പാർലമെന്റിൽ ചോദ്യങ്ങൾ ചോദിച്ചു. പാർലമെന്റിൽ നടത്തിയ എന്റെ പ്രസംഗം ഒഴിവാക്കി, പിന്നീട് ലോക്സഭാ സ്പീക്കർക്ക് വിശദമായ മറുപടി എഴുതി. ചില മന്ത്രിമാർ എന്നെക്കുറിച്ച് നുണ പറഞ്ഞു, ഞാൻ വിദേശ ശക്തികളുടെ സഹായം തേടിയെന്നാണ് അവർ പറയുന്നത്. അങ്ങനെയൊന്നും ഞാൻ ചെയ്തില്ല. അതുകൊണ്ടൊന്നും ഞാൻ ചോദ്യങ്ങൾ ചോദിക്കുന്നത് നിർത്തില്ല, പ്രധാനമന്ത്രി മോദിയും അദാനിയും തമ്മിലുള്ള ബന്ധത്തെ ഞാൻ ചോദ്യം ചെയ്തുകൊണ്ടേയിരിക്കും. മാപ്പ് പറയാൻ ഞാൻ സവർക്കറല്ല’ -എന്നാണ് രാഹുൽ പറഞ്ഞത്.