മലപ്പുറം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിനെതിരെ ബിജെപി നടത്തിയ പദയാത്ര വിജയകരമെന്ന് മുൻ എംപി സുരേഷ് ഗോപി. സഹകരണ മേഖലയിലെ ഭരണാധികാരികൾക്ക് സത്ബുദ്ധി ഉദിക്കുമ്പോൾ യാത്ര പൂർണ അർത്ഥത്തിൽ എത്തും. ബിജെപി നേതാക്കൾ പദയാത്ര നല്ല രീതിയിൽ ഏകോപിപ്പിച്ചു. മാധ്യമങ്ങൾ ഒരു ദുഷ്പ്രചരണവും നടത്തിയില്ല. പൊലീസിന്റെ സാന്നിധ്യവും നീതിനിർവഹണവും പ്രശംസനീയമെന്നും സുരേഷ് ഗോപി പറഞ്ഞു.എല്ലാ പാർട്ടിക്കാരും യാത്രയിൽ അണിനിരന്നു. സംഘശക്തിയല്ല, ഉദ്ദേശശുദ്ധിയാണ് പ്രധാനം. സഹകരണ ബാങ്കുകളിലെ തട്ടിപ്പിൽ അധികാരികൾ പ്രതിവിധി കാണണം. പദയാത്ര ലോക്സഭാ പ്രാചാരണമെന്ന ആരോപണം അവരുടെ പ്രത്യയശാസ്ത്രമാണ്. പദയാത്ര നടത്തിയത് മനുഷ്യർക്ക് വേണ്ടിയാണ്, യാത്രയ്ക്ക് രാഷ്ട്രീയമില്ല. ലോകത്തിന് ആവശ്യം സോഷ്യലിസമാണ്, അല്ലാതെ കമ്യൂണിസമല്ല.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വന്നതിനു പിന്നാലെയല്ല താൻ കരുവന്നൂരിയിൽ എത്തിയത്. താൻ കരുവന്നൂരിൽ എത്തുമെന്ന് പറഞ്ഞതിന് പിന്നാലെയാണ് ഇഡി വന്നത്. മനുഷ്യരുടെ പിൻബലത്തിലാണ് മുൻപ് പ്രതിഷേധങ്ങളിൽ പങ്കെടുത്തത്. താൻ പഴയ എസ്എഫ്ഐക്കാരനാണെന്നും അത് കോടിയേരിക്കും നായനാർക്കും അറിയാമായിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. സഹകരണ സംഘങ്ങൾക്ക് ഒരു മാസ്റ്ററെ ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.